ഹനുമാൻ ചാലിസ ചൊല്ലി, 10 രൂപ കാണിക്കയുമിട്ട് ക്ഷേത്രത്തിൽ നിന്ന് 5000 രൂപ മോഷ്‌ടിച്ച് കള്ളൻ

ഹരിയാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ മോഷണം. സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്ത് 5,000 രൂപ കവർന്നു. മോഷണത്തിന് മുമ്പ് മോഷ്ടാവ് ഹനുമാൻ ചാലിസ ചൊല്ലുകയും, 10 രൂപ സംഭാവന നൽകുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രേവാരി ജില്ലയിലുള്ള ധരുഹേര ടൗണിലെ ഒരു ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. മോഷണവിവരം ആദ്യം അറിയുന്നത് പൂജാരിയാണ്. സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്ത നിലയിൽ കിടക്കുന്നത് കണ്ട പൂജാരി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് ഭക്തനായ മോഷ്ടാവിനെ തിരിച്ചറിയുന്നത്.
ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കള്ളൻ നടന്നടുക്കുന്നത് വീഡിയോയിൽ കാണാം. ഭക്തർ പ്രാർത്ഥിക്കുമ്പോൾ, മോഷ്ടാവ് 10 മിനിറ്റോളം ഇരുന്ന് ഹനുമാൻ ചാലിസ പാരായണം നടത്തുന്നുണ്ട്. പിന്നീട് ദേവന്റെ കാൽക്കൽ 10 രൂപ സമർപ്പിക്കുന്നു. ശ്രീകോവിലിൽ പരിസരത്ത് ആരുമില്ലാത്ത സമയം നോക്കി സംഭാവനപ്പെട്ടി കുത്തിത്തുറന്ന കള്ളൻ 5000 രൂപയുമായി രക്ഷപ്പെടുന്നതും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്.
മോഷണം നടന്നതറിയാതിരുന്ന പൂജാരി അന്ന് രാത്രി ക്ഷേത്രവാതിൽ അടച്ച് വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Thief recites Hanuman Chalisa, donates Rs 10 and then steals Rs 5000 from temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here