Advertisement

മനുഷ്യന്‍ ഓര്‍മയാണ്, അധികാരം മറവിയും; നമ്മുടെ ഇടത് വായനയിലേക്ക് കടന്നുവരാത്ത കുന്ദേര

July 13, 2023
Google News 6 minutes Read
Anoop Parameswaran writes on Milan Kundera

The struggle of man against power is the struggle of memmory against forgetting-
Milan Kundera
ചിരിയുടേയും മറവിയുടേയും പുസ്തകത്തിൽ (The Book of Laughter and Forgetting) മിലൻ കുന്ദേര ഇങ്ങനെ എഴുതിയ വാചകത്തിൽ നിന്ന് ലോകത്ത് എത്രയെത്ര പ്രബന്ധങ്ങൾ ഉണ്ടായിരിക്കുന്നു. എത്രയെത്രെ ഡോക്ടറേറ്റുകൾ സംഭവിച്ചിരിക്കുന്നു. എത്രയെത്രെയോ പ്രഭാഷണങ്ങൾ, അതിലുമെത്രെയെത്രോയോ പഠനമുറി ഭാഷണങ്ങൾ ഉണ്ടായിട്ടുണ്ടാകണം. പക്ഷേ, മലയാളത്തിൽ നമ്മളെത്രപേർ ഇതിനു മുൻപ് കേട്ടിട്ടുണ്ട്; മിലൻ കുന്ദേര എഴുതിയ ഈ വാചകം: “മനുഷ്യന്‍റെ അധികാരത്തോടുള്ള പോരാട്ടമാണ് ഓർമയുടെ മറവിയോടുള്ള പോരാട്ടം” എന്ന ആ വരി. (Anoop Parameswaran writes on Milan Kundera)

ഇരുപതാം നൂറ്റാണ്ടിന്‍റെ നാലാം പാദത്തിൽ മിലൻ കുന്ദേര എഴുതിയ ഈ വാചകമാണ് ലോകത്ത് ഏറ്റവും പ്രകാശിച്ചു നിൽക്കുന്ന വാക്ദീപം. അതിന്‍റെ അർത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ മലയാളിയെ പ്രാപ്തമാക്കുന്ന, കൈപിടിച്ചു നടത്തുന്ന ഭാവതലം ഇവിടെ ഉണ്ടായിട്ടില്ല. അങ്ങനെ ഒരു ഭാവനയെ വിടർത്തിയെടുക്കാൻ മാത്രം തുറന്ന മനസ്സുള്ള മണ്ണ് ഇവിടെ ആരും ഉഴുതിട്ടില്ല. കക്ഷി രാഷ്ട്രീയക്കണ്ണിലൂടെ നാം വികസിപ്പിച്ചെടുത്ത സാമൂഹിക വായന മിലൻ കുന്ദേരയെക്കൂടി ഉൾക്കൊള്ളാൻ മാത്രം വളർന്നിട്ടുമില്ല.

The Unbearable Lightness of Beingൽ തോമസ് ഒരു അറുവഷളനാണ്. മുൻ ഭാര്യയുണ്ട്, കാമുകിയുണ്ട്, തെരേസയുണ്ട്, ഒപ്പം ലൈംഗികത്തൊഴിൽ ചെയ്യുന്ന ചിലരുമുണ്ട്. തെരേസയെ കല്യാണം കഴിക്കുമ്പോൾ തെരേസയുടെ കനപ്പെട്ട പെട്ടിയും കൂടെ വരുന്നു. അതൊരു ഭാരമാണ്. തോമസിന് ഭാരം വേണ്ട. അല്ലെങ്കിൽ തന്നെ സ്റ്റാലിനിസ്റ്റ് കമ്യൂണിസം പണി കളഞ്ഞയാളാണ്. ഡോക്ടറായിരുന്നു. കമ്യൂണിസ്റ്റുമായിരുന്നു. പക്ഷേ, ചരടുകളുള്ള, കെട്ടുപാടുകളുള്ള, അല്ലെങ്കിൽ ഭരിക്കുന്ന, കമ്യൂണിസം വന്നപ്പോൾ അതിനെ എതിർത്തു. അങ്ങനെ ചില്ലുജാലകങ്ങൾ തുടയ്ക്കുന്ന വെറും തൂപ്പുകാരനായി.

പക്ഷേ, തോമസ് അതോടെ സ്വതന്ത്രനായി. ഭാര്യ നഷ്ടമായി. പക്ഷേ തെരേസയെ സ്വപ്നം കാണാം. ഒരു സ്ത്രീയെ പ്രണയിക്കുന്നതും ഒരു സ്ത്രീക്കൊപ്പം കിടക്കുന്നതും (sleeping with a woman and making love with a women) രണ്ട് അതിഗംഭീരസാഹസങ്ങളായിരുന്നു തോമസിന്. രണ്ടിനും ഭാരമില്ല, കെട്ടുപാടുകളില്ല, നിയന്ത്രണങ്ങളില്ല. പക്ഷേ, വിവാഹം കഴിക്കുന്നതോടെ തെരേസയുടെ പെട്ടിയുടെ കനം കൂടി തോമസിലേക്കു വന്നു ചേരുകയാണ്. ഈ തോമസിനെ മനസ്സുകൊണ്ട് അറിയാൻ കക്ഷി രാഷ്ട്രീയ കണ്ണടകൾ ഊരി വയ്ക്കണമായിരുന്നു. ഫാസിസത്തേക്കാൾ ക്രൂരമായി മനുഷ്യനെ കമ്യൂണിസം വേട്ടയാടി എന്ന് തിരിച്ചറിയാൻ കെൽപുണ്ടാകണമായിരുന്നു. ലെനിനും സ്റ്റാലിനും മാവോയും പിന്നെ വന്നുവന്ന് പുടിനും ഷീ ജിൻപിങ്ങും വരെ കാണിച്ചിരുന്നത്, കാണിക്കുന്നത് സമഗ്രാധിപത്യമാണെന്ന് പറയാൻ നാവുയരണമായിരുന്നു. അത് നമ്മളുടെ ഇടയിൽ എത്രപേർക്കുണ്ടായി?
തോമസിനെ വഷളനായി വായിച്ചെടുക്കാം. പെണ്ണ് വെറും ഉപഭോഗ വസ്തുവാണ് തോമസിന്. തോമസിന് മാത്രമല്ല മിലൻ കുന്ദേര സൃഷ്ടിച്ച കഥകളിലെല്ലാം സ്ത്രീ പിച്ചിച്ചീന്താനുള്ള ഇരയാണ്. ഈ കുന്ദേരയെ സ്ത്രീ വിരുദ്ധനും അശ്ലീല എഴുത്തുകാരനുമായി ചിത്രീകരിച്ച് പുസ്തകം മടക്കി വയ്പ്പിക്കാൻ വളരെ എളുപ്പമായിരുന്നു. അതുകൊണ്ട് നമ്മുടെ ‘ഇടതു’ വായനയിലേക്കു കുന്ദേര കടന്നുവന്നില്ല.

1984 … ആ വർഷമാണ് കുന്ദേരയുടെ The Unbearable Lightness of Being പുറത്തുവരുന്നത്. അക്കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്നവർ ഒന്ന് ഓർത്തുനോക്കൂ. ഇന്ദിര കൊല്ലപ്പെടുന്നത്. സിഖുകാർ വേട്ടയാടപ്പെടുന്നത്. ഡോക്ടർമാരും എൻജിനിയർമാരും വ്യവസായികളുമായിരുന്ന സിഖുകാർ പലായനം ചെയ്യുന്നത്. തലപ്പാവു മാറ്റിയും മുടിമുറിച്ചും അവരിലെത്ര പേർ തെരുവികളിൽ
ടയറുകളുടെ പഞ്ചർ ഒട്ടിക്കുന്നവരായി. പാനി പൂരി വിൽക്കുന്നവരായി. വണ്ടിയുടെ സ്പെയർപാർട്സുകൾ കൊണ്ടു നടന്നു വിൽക്കുന്നവരായി. പിച്ചളപ്പാത്രങ്ങളും ഓട്ടുഗ്ലാസുകളും കൊണ്ടുനടക്കുന്നവരായി. അവർക്ക് ഒരു ഭാരവും ഉണ്ടായിരുന്നില്ല.

Read Also: ജീവിതത്തിന്റെ നിസാരതയേയും ഭാരമില്ലായ്മയേയും തൊടുന്ന ഫിലസോഫിക്കല്‍ ഫിക്ഷന്‍; ജീവിതത്തിന്റെ പാളം തെറ്റിക്കുന്ന തമാശ…; കുന്ദേരയെ വായിക്കുമ്പോള്‍

ഒരു നിമിഷം ഓർത്തുനോക്കൂ. സമഗ്രാധികാരം ബലാൽസംഗം ചെയ്തു കൊന്നു കളഞ്ഞ സ്വന്തം പെണ്ണിന്‍റെ ഓർമകളെ മറന്ന് അയാൾ എങ്ങനെ ഭാരമില്ലാത്തവനാകും എന്ന്. അയാൾ മുന്നിൽ കണ്ട ഒരു സ്ത്രീക്കൊപ്പം ശയിക്കുന്നതായി സ്വപ്നം കാണുന്നത് കുറ്റമാകുമോ? അയാൾ മുന്നിൽ കണ്ട ഒരു തെരേസയെ പ്രണയിക്കുന്നത് അധിനിവേശമാകുമോ? പക്ഷേ അയാൾക്ക് തെരേസയെ വിവാഹം കഴിക്കുന്ന നിമിഷം ഭാരം അനുഭവപ്പെടും. പിന്നെ എല്ലാം ബാധ്യതയാകും. സ്വന്തം ജോലി, സ്വന്തം അസ്തിത്വം. അതെല്ലാം സമഗ്രാധികാര ഭരണകൂടം കവർന്നെടുത്ത അയാൾക്ക് ജീവിതത്തിന്‍റെ ലാഘവത്വം ഓർക്കാൻ പോലും കഴിയാതാകും.

ഇനി നിങ്ങൾ പറയൂ തോമസ് മുന്നിൽ കാണുന്ന തെരേസയെ പ്രണയിക്കുന്നത് തെറ്റാണോ. അവൾക്കൊപ്പം ശയിക്കുന്നതായി ഭാവന നെയ്യുന്നത് തെറ്റാണോ. പക്ഷേ, തോമസ് അവളെ പിച്ചിചീന്തി കടന്നുപോവുകയാണ്. അങ്ങനെ തോമസ് സമഗ്രാധികാരത്തിന്‍റെ അവതാരമാകുന്നു. സ്ത്രീകൾ വെറും ഇരകളാകുന്നു. ആ സ്ത്രീകളാണ് സോവിയറ്റ് യൂണിയനിലും ചെക്കോസ്ലാവാക്യയിലും യുക്രെയ്നിലും തായ് വാനിലും ഉത്തരകൊറിയയിലും ഇരയാക്കപ്പെട്ട മനുഷ്യർ. അതുകൊണ്ടാണ് അധികാരത്തോടുള്ള മനുഷ്യന്‍റെ യുദ്ധം മറവിയോടുള്ള ഓർമയുടെ പോരാട്ടമാണെന്ന് കുന്ദേര എഴുതിയത്. ഓർമ മനുഷ്യനാണ്. മറവി എങ്ങനെ ഓർമയുടെ ശത്രുവാകുന്നുവോ, അതുപോലെ അധികാരം മനുഷ്യന്‍റെ ശത്രുവും ആകുന്നു. കുന്ദേര മനുഷ്യനാണ്, ഓർമയും.

Story Highlights: Anoop Parameswaran writes on Milan Kundera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here