ചന്ദ്രയാന്‍-3: ഇത് ഇന്ത്യയ്ക്ക് മുന്നിലെ അവസരം, ഭാവിയിലെ വലിയ സ്വപ്‌നങ്ങളുടെ തുടക്കം: ജി മാധവന്‍ നായര്‍
ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. മുന്‍ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇത്തവണ ഐഎസ്ആര്‍ഒ ദൗത്യവുമായി മുന്നോട്ടുപോകുന്നതെന്നും ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇത്തരം പര്യവേഷണങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ലോകത്തില്‍ തന്നെ നാലാമതായി ഉറപ്പിക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ട്വന്റിഫോറിന്റെ ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (G madhavan nair isro chandrayaan-3)
സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഐഎസ്ആര്‍ഒ ഇത്തരം അഭിമാന ദൗത്യങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രയാന്‍-3 ഇന്ത്യയ്ക്ക് മുന്നില്‍ വലിയ ഒരു അവസരമാണ്. മറ്റ് ഗ്രഹങ്ങളിലേക്ക് പര്യവേഷണം നടത്തുക എന്നതില്‍ ഉപരി സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത നേടുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് എഎസ്ആര്‍ഒ തുടങ്ങിയ കാലത്ത് വിക്രം സാരാഭായ് പറഞ്ഞിട്ടുണ്ടെന്നും ജി മാധവന്‍ നായര്‍ പറഞ്ഞു.
ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പിന്നീട് മറ്റ് ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളെക്കുറിച്ച് ഉള്‍പ്പെടെ ചിന്തിക്കാന്‍ സാധിക്കുമെന്ന് ജി മാധവന്‍ നായര്‍ പറയുന്നു. സൂര്യനെക്കുറിച്ച് പഠിക്കാന്‍ ആദിത്യ എന്ന ഒരു ദൗത്യം നടക്കാനിരിക്കുന്നു. ഇത്തരം ദൗത്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മനുഷ്യരാശിയുടെ നന്മയ്ക്കായി വിനിയോഗിക്കുക എന്നതാണ് ഐഎസ്ആര്‍ഒയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: G madhavan nair isro chandrayaan-3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here