Advertisement

ചേലക്കരയിൽ കാട്ടാനയെ കുഴിച്ചുമൂടിയ സംഭവം: ശക്തമായ തുടർ നടപടിയുണ്ടാകുമെന്ന് വനം മന്ത്രി

July 15, 2023
2 minutes Read
Chelakkara incident: There will be strong follow-up action-Forest Minister

സംസ്ഥാനത്ത് കാട്ടാനകളുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടായിട്ടുള്ള വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തര ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. തൃശ്ശൂര്‍ ചേലക്കരയില്‍ കാട്ടാന കൊല്ലപ്പെട്ടതും ആനക്കൊമ്പിന്റെ ഭാഗം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്തിട്ടുള്ള കേസിന്റെ അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്തു. കേസില്‍ ശക്തമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

പി.ടി 7 (ധോണി) എന്ന ആനയുടെ കാഴ്ച്ച നഷ്ടമായി എന്നും ആയത് വനം വകുപ്പ് മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും ചീഫ് വെറ്റിനററി സര്‍ജന്‍ അരുണ്‍ സഖറിയയും വിശദീകരണം നല്‍കി. ആനയെ പിടികൂടുന്ന സമയത്തു തന്നെ കാഴ്ച്ചയുടെ മങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിടികൂടിയ സമയം ആന അക്രമാസക്തമായതിനാലും പിന്നീട് കൂട്ടില്‍ ഇടേണ്ടി വന്നതിനാലും അന്ന് കൃത്യമായ ചികില്‍സ നല്‍കാന്‍ സാധിക്കുമായിരുന്നില്ല.

പിടികൂടി ഒരാഴ്ച്ചയ്ക്കകം തന്നെ ആന്റി ബയോട്ടിക്കും കണ്ണിനുള്ള തുള്ളി മരുന്നുകളും നല്‍കുകയുണ്ടായി. കോര്‍ണിയ തെളിഞ്ഞിട്ടുണ്ട് എന്നാല്‍ ലെന്‍സിന് തെളിച്ചം വന്നിട്ടില്ല. ആയതിന് ആനയെ കിടത്തി ഓഫ്താല്‍മിക് പരിശോധനകള്‍ നടത്തി തുടര്‍ ചികില്‍സ നല്‍കണം. എന്നാല്‍ ആനയുടെ തുടര്‍ ജീവിതത്തിന് ഈ പ്രശ്‌നം തടസമല്ലെന്നും അരുണ്‍ സഖറിയ യോഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ ആനകളെ ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്നും ഉള്ള ചില മാധ്യമ വാര്‍ത്തകള്‍ യോഗം നിഷേധിച്ചു. ഇതുവരെ ഒരാള്‍ക്കും ആനയെ കൊണ്ടുപോകുന്നതിന് അനുവാദം നല്‍കിയിട്ടില്ല. ആനകള്‍ക്കുള്ള വിദഗ്ധ ചികില്‍സ കേരളത്തില്‍ തന്നെ ലഭ്യമാണെന്നും ഇതിന് മറ്റ് സംസ്ഥാനത്തേക്ക് പോകേണ്ട ആവശ്യം ഇല്ലെന്നും യോഗം വിലയിരുത്തി. വാളയാറില്‍ കൂട്ടം തെറ്റി വന്ന കുട്ടിയാന ആരോഗ്യവാനാണ്. ഇത് വനത്തില്‍ തന്നെ വേലിയ്ക്ക് അകത്താണ് ഉള്ളത്. ഇതിനെ നിരീക്ഷിക്കുന്നതിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അത് മറ്റ് ആനക്കൂട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട് എന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. ആന ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം സംബന്ധിച്ച് പെരിയാറിലുള്ള സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം വഴി കൃത്യമായി മനസ്സിലാക്കുന്നുണ്ട്.

Story Highlights: Chelakkara incident: There will be strong follow-up action-Forest Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top