Advertisement

മഴക്കെടുതി: കേന്ദ്രത്തോട് 2000 കോടിയുടെ സഹായം തേടി ഹിമാചൽ പ്രദേശ്

July 15, 2023
Google News 2 minutes Read
Himachal Seeks ₹ 2000 Crore Interim Relief From Centre For Rain Damage

ശക്തമായ മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലുണ്ടായ മഴക്കെടുതികൾ നേരിടാൻ കേന്ദ്ര സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇടക്കാലാശ്വാസമായി 2000 കോടി അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്.

സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. 2000 കോടി രൂപ ഇടക്കാലാശ്വാസം നൽകാൻ അഭ്യർത്ഥിച്ചുണ്ട്. സംസ്ഥാനത്തിന് 4,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്നും സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. ദുരിതബാധിതരായ ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ച സുഖു ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കാൻ ദുരിതാശ്വാസ ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും ആവശ്യപ്പെട്ടു.

ചട്ടം അനുസരിച്ച് നിലവിൽ ഓരോ ദുരന്തബാധിതർക്കും 5000 രൂപ വീതം സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുണ്ടെന്നും തന്റെ സർക്കാരിലെ എല്ലാ മന്ത്രിമാരും കോൺഗ്രസ് എംഎൽഎമാരും ഒരു മാസത്തെ ശമ്പളം ദുരിതബാധിതരെ സഹായിക്കാൻ സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുഖു പറഞ്ഞു. അസോസിയേഷൻ ഓഫ് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ്, ഹിമാചൽ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഓഫീസർമാരും മറ്റുള്ളവരും ഒരു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴക്കെടുതി നേരിടാൻ രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ, പുനഃസ്ഥാപിക്കൽ എന്നീ ത്രിതല തന്ത്രമാണ് സർക്കാർ ആവിഷ്കരിച്ചത്. ലാഹൗളിലെയും സ്പിതിയിലെയും മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 250 പേർ ഉൾപ്പെടെ, 75,000 വിനോദസഞ്ചാരികളിൽ 67,000 പേരെ രക്ഷപ്പെടുത്തി. കസോളിലും തീർത്ഥൻ താഴ്‌വരയിലും ചില വിനോദസഞ്ചാരികൾ ഇപ്പോഴും ഉണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിന് 610 കോടി രൂപയും ജലശക്തി വകുപ്പിന് 218 കോടി രൂപയും സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 180 കോടി രൂപയും ഉൾപ്പെടെ 1,100 കോടി രൂപയാണ് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ അനുവദിച്ചത്. അതേസമയം സംസ്ഥാന സർക്കാരിന് ഇതുവരെ കേന്ദ്രത്തിൽ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ വർഷം മുതൽ കെട്ടിക്കിടക്കുന്ന 315 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Story Highlights: Himachal Seeks ₹ 2000 Crore Interim Relief From Centre For Rain Damage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here