പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; ഒ.പി രാജ്ഭർ എൻഡിഎയിൽ ചേർന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ എൻഡിഎയിൽ ചേർന്നു. ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എൻഡിഎയിലേക്കുള്ള പ്രവേശനം ഒ.പി രാജ്ഭർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും വരാനിരിക്കുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടാൻ തീരുമാനിക്കുകയും ചെയ്തു. ഞങ്ങളെ ഒപ്പം കൂട്ടിയതിന് പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു’ – എൻഡിഎയിലേക്കുള്ള പ്രവേശനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എസ്ബിഎസ്പി അധ്യക്ഷൻ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ ചേരാൻ ഒ.പി രാജ്ഭർ തീരുമാനിച്ചു. എൻഡിഎ കുടുംബത്തിലേക്ക് ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. രാജ്ഭറിന്റെ വരവ് ഉത്തർപ്രദേശിൽ എൻഡിഎയെ ശക്തിപ്പെടുത്തും, പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ക്ഷേമത്തിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ എൻഡിഎ നടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കും’ – അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
श्री @oprajbhar जी से दिल्ली में भेंट हुई और उन्होंने प्रधानमंत्री श्री @narendramodi जी के नेतृत्व वाले NDA गठबंधन में आने का निर्णय लिया। मैं उनका NDA परिवार में स्वागत करता हूँ।
— Amit Shah (@AmitShah) July 16, 2023
राजभर जी के आने से उत्तर प्रदेश में एनडीए को मजबूती मिलेगी और मोदी जी के नेतृत्व में एनडीए द्वारा… pic.twitter.com/uLnbgJedbF
ജൂലൈ 18 ന് നടക്കുന്ന എൻഡിഎ യോഗത്തിൽ ഒ.പി രാജ്ഭർ പങ്കെടുക്കും. കിഴക്കൻ ഉത്തർപ്രദേശിലെ രാജ്ഭർ സമുദായത്തിൽ ആഴത്തിൽ സ്വാധീനമുള്ള വ്യക്തിയാണ് ഒ.പി രാജ്ഭർ. 2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് എസ്ബിഎസ്പി മത്സരിച്ചത്. 2019 വരെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഓം പ്രകാശ് രാജ്ഭർ മന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് സഖ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തെ പുറത്താക്കി.
തുടർന്ന് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചു. തെരഞ്ഞെടുപ്പിൽ ‘പൂർവാഞ്ചൽ’ ഭാഗങ്ങളിൽ ബിജെപിയുടെ താരതമ്യേന മങ്ങിയ പ്രകടനത്തിന് അഖിലേഷ് യാദവിന്റെ പാർട്ടിയുമായുള്ള രാജ്ഭറിന്റെ സഖ്യം ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ ഓം പ്രകാശ് രാജ്ഭർ എസ്പിയുമായുള്ള സഖ്യം അവസാനിപ്പിച്ചു.
പിന്നാലെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയെ ശക്തിപ്പെടുത്തുന്നതിനായി ബിജെപി ഓം പ്രകാശ് രാജ്ഭറിനെ സമീപിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
Story Highlights: OP Rajbhar Joins NDA Ahead Of July 18 Meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here