Advertisement

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതാക്കളും വിവിധ സംഘടനകളും

July 18, 2023
Google News 1 minute Read
bahrain oommen chandy demise

ബഹ്റൈൻ കേരളീയ സമാജം

എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത,കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയമായ മുഖമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.ബഹ്റൈൻ കേരളീയ സമാജവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുകയും ബഹ്റൈനിൽ വന്നിട്ടുള്ള അവസരങ്ങളിലെല്ലാം താത്പര്യപൂർവ്വം സമാജം സന്ദർശിക്കുകയും ചെയ്തിട്ടുള്ള നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.പൊതുസേവനത്തിനും ജനപങ്കാളിത്തതോടെയുള്ള ഭരണത്തിനും ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ പുരസ്കാരം സ്വീകരിക്കാൻ ബഹ്റൈനിൽ എത്തിയ സന്ദർഭത്തിൽ സമാജം അദ്ദേഹത്തിന് വിപുലമായ സ്വീകരണം ഒരുക്കിയിരുന്നു. വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കം കുറിച്ചതും കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് അമേച്വർ നാടക മത്സരം സംഘടിപ്പിക്കപ്പെട്ടതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു.അരനൂറ്റാണ്ടിലേറെ,ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന പൊതുപ്രവർത്തകൻ നിലയിലും മികച്ച ഭരണാധികാരി എന്ന നിലയിലും പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ബഹ്റൈൻ കേരളീയ സമാജം അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും അനുശോചനക്കുറിപ്പിൽ അറിയിച്ചു

ബഹ്‌റൈൻ മീഡിയ സിറ്റി

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർന്മാനും മാനേജിങ്ങ് ഡറക്ടറു0 ,ലോക കേരള സഭാ ആംഗവുമായ ഫ്രാൻസിസ് കൈതാരത്ത് അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ലാളിത്യവും ജനകീയതയും മുഖമുദ്രയാക്കിയ ഉമ്മൻചാണ്ടി എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന ജനകീയനും , എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായി അറിയപ്പെട്ടിരുന്ന നേതാവ് എന്നതിനൊപ്പം.പ്രവാസി വിഷയങ്ങളിൽ എക്കാലവും അനുകൂല നിലപാടുള്ള ഒരു വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടെതെന്നും ഫ്രാൻസിസ് കൈതാരത്ത് അനുശോചന കുറിപ്പിൽ അറിയിച്ചു.

ജനകീയതയുടെ മുഖമായിരുന്നു ഉമ്മൻ‌ചാണ്ടി; ബഹ്‌റൈൻ പ്രതിഭ അനുശോചന കുറിപ്പിൽ അറിയിച്ചു.കേരളജനതയുടെ കഴിഞ്ഞ 50 വർഷക്കാലത്തെ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും അവയൊക്കെ ആത്മനിയന്ത്രണത്തോടെ നേരിട്ട ഉമ്മൻചാണ്ടിയുടെ മെയ്‌വഴക്കം ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാക്കാവുന്നതാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ലീഡർ കെ കരുണാകരനും എ കെ ആന്റണിക്കും ചുറ്റിലുമായി കറങ്ങി നിൽക്കുമ്പോഴും, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൻറെയും കേരളത്തിൻറെയും രാഷ്ട്രീയ ചരിത്ര നിർമ്മിതിയ്ക്കു നിദാനമായത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ കരുനീക്കങ്ങളായിരുന്നു. തുടർച്ചയായി 50 വർഷം ഒരേമണ്ഡലത്തിൽ നിന്നുമുള്ള നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അദ്ദേഹത്തിനോടുള്ള ജനങ്ങൾക്കുള്ള വിശ്വാസത്തിൻറെ കൂടി ദൃഷ്ടാന്തമാണ്.

കേരള രാഷ്ട്രീയത്തിൻറെയും ഭരണത്തിൻറെയും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും ജീവിതവഴികളിൽ ഉമ്മൻ ചാണ്ടി കാണിച്ച സാധാരണത്വവും ലാളിത്യവും എടുത്തുപറയേണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാൻ ഇടയില്ലാത്ത വിടവ് ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുന്നതുമായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെയാണ് പൊതുരംഗത്ത് സജീവമായത്. അധികാരത്തിൽ ഇരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് എന്നും അദ്ദേഹം പ്രാപ്യനായിരുന്നു. വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രൻ്റ്സ് നേതാക്കൾ അറിയിച്ചു. മതേതര ചേരിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പിന്തുടരാൻ സമൂഹത്തിന് സാധിക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബഹ്‌റൈൻ സന്ദർശന വേളയിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര ഓഫീസ് സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും ഏറെ നേരം സംവദിക്കുകയും ചെയ്തിരുന്നതായും അനുസ്‌മരിച്ചു.

വോയ്സ് ഓഫ് ആലപ്പി

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനം രേഖപെടുത്തി, കേരളീയ പൊതു മണ്ഡലത്തിൽ തന്റെതായ ശൈലിയിൽ ജനങ്ങൾക്ക് ഇടയിൽ ജീവിച്ചു ഒരു പൊതു പ്രവർത്തകൻ എങ്ങിനെ ആകണം എന്ന് കാണിച്ചു തന്ന നേതാവ് ആയിരുന്നു അദ്ദേഹം,തന്നെ സമീപിക്കുന്ന ഓരോ ആളിന്റെയും പ്രശ്നങ്ങൾ കേട്ടതിന് ശേഷമേ മറ്റ് പരിപാടിക്ക് പോകു എന്നതും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ വേറിട്ട്‌ നിർത്തുന്നു, രാഷ്ട്രീയ വേർതിരിവ് ഇല്ലാതെ ഏവർക്കും സ്വീകര്യൻ ആയിരുന്ന അദ്ദേഹത്തിന്റെ മരണം നികത്താൻ ആകാത്ത വിടവ് ആണ് എന്നും വോയ്സ് ഓഫ് ആലപ്പി അനുശോചന കുറിപ്പിൽ അറിയിച്ചു

പ്രവാസി വെൽഫെയർ

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ രാഷ്ട്രീയ കേരളത്തിനുണ്ടായ നഷ്ടത്തിൽ പ്രവാസി വെൽഫെയർ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കേരളത്തിലെ ജനകീയനായ മുഖ്യന്ത്രിമാരിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. വിശ്രമമില്ലാതെ ജനങ്ങൾക്കിടയിൽ പൊതുജീവിതം നയിച്ച രാഷ്ട്രീയ നേതാവ്. ഏറ്റവും സാധാരണക്കാർക്ക് പോലും നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാൻ മാത്രം അടുപ്പമുള്ള ജനകീയ മുഖം. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്.

സൗമ്യതയും ലാളിത്യവും മുഖമുദ്രയാക്കിയ ഉമ്മൻ ചാണ്ടിക്ക് പ്രവാസി വെൽഫെയർ ആദരാഞ്ജലികൾ നേരുകയും അദ്ദേഹത്തിന്റെ വിയോഗം മൂലം പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്ക് ചേരുന്നതായും പ്രവാസി വെൽഫയർ ബഹ്‌റൈൻ പത്ര കുറിപ്പിലൂടെ അറിയിച്ചു

പടവ് കുടുംബ വേദി

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചനം രേഖപ്പെടുത്തി

ഐവൈസിസി ബഹ്‌റൈൻ

മുൻ മുഖ്യമന്ത്രിയും,എഐസിസി ജനറൽ സെക്രെട്ടറിയുമായ ഉമ്മൻ ചാണ്ടി എംഎൽഎ യുടെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. കേരളത്തിൽ അധികാരത്തിലിരുന്ന സർക്കാരുകളിൽ ജനകീയ സർക്കാർ എന്ന് വിശേഷിപ്പിക്കപ്പെട്ട സർക്കാരാണ് ബഹു. ഉ മ്മൻചാണ്ടിയുടേത്. ഊണും ഉറക്കവും ഉപേക്ഷിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടിരുന്ന അദ്ദേഹം ജന പ്രതിനിധികൾക്ക് മാതൃകയാണ്. സ്നേഹത്തോടും,സമാധാനത്തോടും മാത്രം മറ്റുള്ളവരോട് ഇടപഴകിയിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം ഇന്നത്തെ ഭരണാധികൾക്ക് ഒരു പാഠപുസ്തകമാണ്. ഐവൈസിസി യുടെ തുടക്കകാലം മുതൽ സംഘടനയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ നിർദേശങ്ങളും ഉപദേശശങ്ങളും സംഘടനയുടെ വളർച്ചക്ക് മുതല്കൂട്ടായിട്ടുണ്ടെന്നു പ്രസിഡണ്ട് ഫാസിൽ വട്ടോളി,ജന:സെക്രട്ടറിഅലൻ ഐസക്,ട്രഷറർ:നിധീഷ് ചന്ദ്രൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.അദ്ദേഹത്തിന്റെ വിയോഗം ഐവൈസിസിക്കും ,കോൺഗ്രസ് പ്രസ്ഥാനത്തിനും ,കേരള സമൂഹത്തിനും തീരാനഷ്ടമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഐവൈസി ബഹ്‌റൈൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐവൈസി ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു. ഇന്ത്യ കണ്ട പൊതു പൊതുപ്രവർത്തകരിൽ ഏറ്റവും മുന്നിൽ നിന്ന പേരാണ് ഉമ്മൻ ചാണ്ടി. ലാളിത്യവും സൗമ്യസ്വഭാവവും കൈമുതലായ ഉമ്മൻ ചാണ്ടിയുടെ വേർപാട് കോൺഗ്രസ് പാർട്ടിക്കും കേരള സമൂഹത്തിനും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഐവൈസി ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്കൽ,ബേസിൽ നെല്ലിമറ്റം ഹരി ഭാസ്കർ എന്നിവർ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.

മനുഷ്യത്വത്തിന് ഏറെ വിലമതിക്കുകയും ജനകീയ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിൽ ജീവിതത്തിൽ വിശ്രമം കാണാതെ നയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന സത്യം കേരള രാഷ്ട്രീയ ചരിത്രത്തിൽ എഴുതി വെച്ച് വിട വാങ്ങിയെതെന്നും കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിൽ പിസിസി അദ്ധ്യക്ഷസ്ഥാനമൊഴിച്ച് പാർട്ടിയെ മുൻ നിരയിലെത്തിച്ച നേതാവാണന്നുംഇന്ത്യൻ ഓവർസീസ് കോൺഗസ് ബഹ്റൈൻ ജനറൽ സെക്രട്ടറി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പ്രവാസികളുടെ അർഹതപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് മുൻനിരയിൽ പ്രവർത്തിച്ച നേതാവും മുഖ്യമന്ത്രിയായിരിക്കുമ്പോൾ യു എൻ പുരസ്ക്കാരം ഏറ്റുവാങ്ങാൻ വന്നപ്പോൾ തിരക്ക് പിടിച്ച സമയത്തും സംഘടനകളുടെ ആവശ്യത്തെ പിന്തള്ളാതെ പങ്കെടുത്ത മുഖ്യമന്ത്രി എന്ന കാര്യം ബഹ്റൈൻ മലയാളികൾ എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രിയായിരിക്കുബോൾ ജനകീയ വിഷയങ്ങൾക്ക് കാതലായ മാറ്റം വരുത്തിയ ഉമ്മൻ ചാണ്ടി പ്രവാസികളുടെ പ്രശ്നങ്ങൾക്ക് അന്തിമ തീരുമാനം കാണുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്ന കാര്യം ഏറെ മഹത്തരമായിരുന്നു അദ്ദേഹത്തിന്റെ കുടുബ ദുഖത്തിൽ പങ്ക് ചേർന്നുകൊണ്ട് അനുശോചനം അറിയിക്കുന്നതായി ഗൾഫ് മലയാളി ഫെഡറേഷൻ പത്രകുറിപ്പിൽ അറിയിച്ചു .

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ

മുൻ മുഖ്യമന്ത്രിയും അഞ്ചു പതിറ്റാണ്ടിലധികമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു.കേരളത്തിലെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഉമ്മൻ ചാണ്ടി ഒരു വേറിട്ട വ്യക്തിത്വം തന്നെയാണ്. ഒരു പൊതു പ്രവർത്തകൻ എങ്ങനെയാവണം എന്നതിന് ഉത്തമ ഉദാഹരണമാണ്‌ ഉമ്മൻ ചാണ്ടിയുടെ ജീവിതം.ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിനും ബഹ്‌റിനിലെ മലയാളി സമൂഹത്തിനും ഒരു തീരാനഷ്ടം തന്നെയാണെന്ന് ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ജനകീയ വിഷയങ്ങളിൽ അത്രമേൽ ഇടപെട്ടിരുന്ന നേതാവിന്റെ വിയോഗം മലയാളികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നു അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ അഭിപ്രായപെട്ടു. പ്രവീൺ മേല്പത്തൂർ, നാസർ മഞ്ചേരി, ദിലീപ്, മുഹമ്മദാലി മലപ്പുറം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

ഉമ്മൻചാണ്ടിയുടെ നിര്യാണം രാഷ്ട്രീയത്തിൽ രാജ്യത്തിന് തന്നെ നികത്താനാവാത്ത വിടവാണെന്ന് ബഹറൈൻ കേരള കോൺഗ്രസ് ദേശീയ പ്രസിഡന്റ് മുൻ സ്റ്റേറ്റ് മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറി പൊൻകുന്നം സോബിയുടെ അധയ്ക്ഷതയിൽ കൂടിയ യോഗം. സംസ്ഥാനത്തിന് ഉമ്മൻചാണ്ടി നൽകിയ സംഭാവനകൾ വരുതലമുറയ്ക്ക് മാതൃകയാണ്. വിവിധ രീതിയിൽ അദ്ദേഹവുമായി നിരന്തരം ഇടപെട്ടത് കൊണ്ട് ആ പിതൃ സ്‌നേഹം അനുഭവിച്ചറിഞ്ഞതിൽ ചരിതാർത്ഥ്യം ഉണ്ടെന്നും വ്യക്തിപരമായി കുഞ്ഞച്ചായൻ എന്ന് വിശേഷിപ്പിക്കുന്ന കുഞ്ഞൂഞ്ഞിനെ കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഇദ്ദേഹത്തിന് വലിയ ഒരു ഇടമുണ്ടായിരുന്ന് എന്നും യോഗം അഭിപ്രായപ്പെട്ടു.

Story Highlights: bahrain oommen chandy demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here