Advertisement

മണിപ്പൂർ സംഘർഷം തടയാൻ ആരുമില്ലേ? സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് താരങ്ങൾ

July 20, 2023
Google News 21 minutes Read
Akshay Kumar On Video Of Manipur Women Paraded Naked

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ. ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്ന് നടൻ അക്ഷയ് കുമാർ. സംഭവം ലജ്ജാകരമാണെന്ന് നടി റിച്ച ഛദ്ദ പ്രതികരിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഊർമില മതോണ്ട്കർ. മണിപ്പൂരിലെ അതിക്രമങ്ങൾ തടയാൻ ആരുമില്ലേയെന്ന് നടി രേണുക ഷഹാനെ ചോദിച്ചു.

രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ചയാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്‌പോപി ജില്ലയിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ ജനക്കൂട്ടത്തിന് മുന്നിൽ നഗ്നരാക്കിയെന്നാണ് പരാതി. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. ഇരയുടെ സഹോദരൻ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

“മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ടതിൽ ഞെട്ടലും നിരാശയും തോന്നുന്നു. ഇത്രയും നീചമായ പ്രവൃത്തി ചെയ്യാൻ ഇനിയാരും ധൈര്യപ്പെടാത്ത വിധത്തിൽ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – സ്ത്രീകൾക്ക് നേരെയുണ്ടായ ക്രൂരതയിൽ ദുഃഖം പ്രകടിപ്പിക്കുകയും ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

“മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ ഭയാനകവും നടുക്കുന്നതുമാണ്. സ്ത്രീകൾക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു. ഉത്തരവാദികൾ അർഹിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കണം” എന്ന് നടി കിയാര അദ്വാനി ട്വിറ്ററിൽ കുറിച്ചു.

“നാണക്കേട്! ഭയാനകം! നിയമവിരുദ്ധം!” നടി റിച്ച ഛദ്ദ സംഭവത്തെ വിശേഷിപ്പിച്ചത് ഇങ്ങനെ.

“മണിപ്പൂരിൽ നിന്നുള്ള വീഡിയോ കണ്ട് ഞെട്ടലും ഭയവും തോന്നി. മെയ് മാസത്തിൽ നടന്ന സംഭവത്തിൽ, ഇതുവരെ നടപടി ഉണ്ടായിട്ടില്ല, അധികാരത്തിന്റെ ലഹരിയിൽ കുതിരപ്പുറത്ത് ഇരിക്കുന്ന ആളുകൾ, മാധ്യമങ്ങളിലെ കോമാളികൾ, നിശബ്ദരായ സെലിബ്രിറ്റികൾ എന്നിവരോട് ലജ്ജ തോന്നുന്നു. പ്രിയ ഇന്ത്യക്കാരേ, നമ്മൾ എങ്ങനെയാണ് ഇങ്ങനെ അധഃപതിച്ചത്?” – മണിപ്പൂർ സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഊർമില മതോണ്ട്കർ കുറിച്ചു.

“മണിപ്പൂരിലെ അതിക്രമങ്ങൾ തടയാൻ ആരുമില്ലേ? രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്ന മനുഷ്യത്വരഹിതമായ വീഡിയോ നിങ്ങളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നില്ലെങ്കിൽ, ഇന്ത്യക്കാരനാണോ എന്നതിൽ സ്വയം ആത്മ പരിശോധന നടത്തണം.” – അക്രമം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി രേണുക ഷഹാനെ ട്വീറ്റ് ചെയ്തു.

സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. സ്ത്രീകൾക്കെതിരായ അതിക്രമം അപലപക്കപ്പെടേണ്ടതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ ബിരേൻ സിംഗുമായി ഇക്കാര്യം സംസാരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും ഇറാനി ഉറപ്പുനൽകി.

Story Highlights: Bollywood celebs condemn Manipur violence against women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here