മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നു; സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണമെന്ന് കെസിബിസി
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണമെന്ന് കെസിബിസി. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബീരന്‍ സിംങ്ങ് രാഷ്ട്രീയക്കാര്‍ക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും അത് അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവക്കുന്നതാണ് നല്ലതെന്നും കെസിബിസി പ്രതികരിച്ചു.
ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ്് ഉത്തരവാദിത്തം നിര്‍വഹിക്കണം. ജനാധിപത്യ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ കോടതികളല്ല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നാല്‍ സുപ്രിം കോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നു. അത്രമാത്രം നിഷ്‌ക്രിയത്വമാണ് മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വച്ചുപുലര്‍ത്തുന്നത്.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകലരും ഒരുവിഭാഗം പൗരന്മാരെ ഉന്മൂലനം ചെയ്യുന്ന മണിപ്പൂര്‍ കലാപത്തെ അപലപിക്കുന്നു. കലാപം അടിച്ചമര്‍ത്തി സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും നിരവധി പേര്‍ മുന്നോട്ട് വരുന്നു. ഇക്കാര്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.
Story Highlights: KCBC reaction on Manipur violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here