ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അഞ്ച് ജില്ലകളിൽ യെല്ലോ; വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ( orange alert declared in 5 northern districts of kerala )
രണ്ട് ദിവസമായി വടക്കൻ ജില്ലകളിൽ മഴ ശക്തമാണ്. മലയോര മേഖലകളിലാണ് ഏറെ നാശം വിതക്കുന്നത്. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. ഇരുകരയിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചെറുമോത്തും മേപ്പയ്യൂരും വെള്ളൂരിലും മരം കടപുഴകി വീണ് വീടുകൾ ഭാഗിഗമായി തകർന്നു. ചിയ്യൂരിൽ ട്രാൻസ്ഫോർമറിനു മുകളിൽ തെങ്ങ് വീണ് വൈദ്യുതി തടസപ്പെട്ടു. കുറ്റ്യാടി വടയത്ത് കിണർ ഇടിഞ്ഞു താഴ്ന്നു.
വയനാട് പുത്തൂർവയലിൽ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന 2 പേരും രക്ഷപ്പെട്ടു.
കണ്ണൂർ പെരുവയിൽ രണ്ടാഴ്ച മുൻപ് കോൺക്രീറ്റ് പൂർത്തീകരിച്ച വീട് തകർന്ന് വീണു. വെള്ളർവള്ളിയിൽ വീടിന് മുകളിൽ മരം കടപുഴകി വീഴുകയും ഇരിക്കൂറിൽ മതിൽക്കെട്ട് തകരുകയും ചെയ്തു. മലപ്പുറം പോത്തുകല്ലിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കാസർഗോഡ് കല്ലപ്പള്ളിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണും കൊന്നക്കാട് – വള്ളിക്കടവ് റോഡിൽ മരം കടപുഴകി വീണും ഗതാഗതം തടസപ്പെട്ടു.
Story Highlights: orange alert declared in 5 northern districts of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here