‘രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്’ മുന്നിൽ നടന്ന കൊടുംക്രൂരത

മണിപ്പൂരിലെ കൊടുംക്രൂരതകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ അവസാനിക്കുന്നില്ല. ഓരോ ദിവസവും ക്രൂരബലാത്സംഗം ഉൾപ്പെടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പലതും നടന്നത് ആഴ്ചകൾക്ക് മുൻപാണ്. സംസ്ഥാനത്ത് കലാപ ബാധിത സാഹചര്യത്തിൽ ഇന്റർനെറ്റ് റദ്ദാക്കിയിരുന്നതാണ് പല സംഭവങ്ങളും പുറത്തറിയാൻ വൈകിയതിന്റെ കാരണം. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയ സംഭവമെന്നാണ്, സ്ത്രീകളെ നഗ്നരാക്കി പൊതുയിടത്തിൽ നടത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തെ കുറിച്ച് രാഷ്ട്രീയ നേതാക്കൾ നോക്കിക്കണ്ടത്.
മണിപ്പൂരിലെ തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലെയ്കായി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. വംശീയ കലാപത്തിനിടെ കരുത്തും നിസഹായതയും ഒരുപോലെയുള്ള മണിപ്പൂരി സ്ത്രീകളുടെ പോരാട്ട ശ്രമത്തെ ഒന്നടങ്കം ഇല്ലാതാക്കുന്ന ഈ ദുരനുഭവം നടന്നത്, രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്റെ വെറും 1 കിലോമീറ്റർ മാത്രം ചുറ്റളവിലാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യ ടുഡേ സാറ്റലൈറ്റ് ദൃശ്യങ്ങളിലാണ് ഇത് വ്യക്തമാകുന്നത്. 2020ലാണ് കേന്ദ്ര സർക്കാർ നോങ്‌പോക് സെക്മായി പൊലീസ് സ്റ്റേഷനെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തത്. സ്ത്രീകളെ സുരക്ഷിതമാക്കാൻ കഴിയാതിരുന്ന മണിപ്പൂർ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന് 1 കിലോമീറ്റർ മാത്രം അകലെ നടന്ന കൊടുംക്രൂരതയിൽ പ്രതികളെ അറസ്റ്റുചെയ്യാൻ എത്ര ദിവസമെടുത്തു? ഇരകൾക്കൊപ്പം നിൽക്കാത്ത പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനൊപ്പം ഭരണാധികാരികളുടെ മൗനം കൂടിയായപ്പോൾ ഇന്ത്യ അക്ഷരാർത്ഥത്തിൽ തലകുനിക്കുകയാണ്.കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ സൈനികന്റെ ഭാര്യ കൂടിയാണ് ആക്രമിക്കപ്പെട്ട സ്ത്രീകളിൽ ഒരാൾ.
ജനസേവനത്തിന്റെ വിവിധ ഘടകങ്ങൾ പരിശോധിച്ച് ഓരോ വർഷവും രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കാറുണ്ട് സർക്കാർ. മെയ് നാലിന് നടന്ന സംഭനം പുറംലോകമറിഞ്ഞത് ജൂലൈ 19നാണ്. വിഷയത്തിൽ പൊലീസ് നിഷ്ക്രിയത്വം സുവ്യക്തം. സോഷ്യൽ മിഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മാത്രം മൗനം വെടിഞ്ഞു നേതാക്കൾ. അഞ്ച് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.
Read Also: മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു
സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്‌പോപി ജില്ലയിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ ജനക്കൂട്ടത്തിന് മുന്നിൽ നഗ്നരാക്കി നടത്തി. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. ഇരയുടെ സഹോദരൻ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ചയാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.
Story Highlights: Manipur women paraded naked took place near India’s best police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here