മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകള്‍: വിചാരണയ്ക്ക് പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മണിപ്പൂര്‍ ചൂരാചന്ദ്പൂരിലെ സെഷന്‍സ് കോടതി എന്‍ഐഎ പ്രത്യേക കോടിയാക്കിയാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. എന്‍ഐഎ നിയമത്തിലെ 11-ാം സെഷന്‍സ് പ്രകാരമാണ് പ്രത്യേക കോടതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. (special NIA court in Manipur for trial of cases related to ethnic violence)
സംഘര്‍ഷവുമായി ബന്ധപ്പെട്ട മണിപ്പൂരിലെ മുഴുവന്‍ പ്രദേശങ്ങളിലേയും അക്രമക്കേസുകള്‍ ഇതേ കോടതിയില്‍ തന്നെയാണ് എത്തുക. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകളാണ് എന്‍ഐഎയുടെ പരിഗണനയിലുള്ളത്. ജിരിബാമില്‍ ആറ് സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയ കേസും ഇതില്‍ ഉള്‍പ്പെടും.
2023 മെയ് മാസം മുതലാണ് മണിപ്പൂരിലെ മെയ്‌തേയി- കുകി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മെയ്‌തേയി വിഭാഗങ്ങള്‍ക്ക് പട്ടിക വര്‍ഗ വിഭാഗമെന്ന പരിഗണന നല്‍കാനുള്ള കോടതി തീരുമാനത്തിനെതിരെ കുകി വിഭാഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 260 പേരിലേറെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു.
Story Highlights special NIA court in Manipur for trial of cases related to ethnic violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here