ലതികയ്ക്കും കുട്ടികള്‍ക്കും ട്വന്റിഫോറിന്റെ കൈത്താങ്ങ്; നിലംപൊത്താറായ വീട്ടില്‍ ഇനി ദളിത് കുടുംബത്തിന് ഭയന്ന് കഴിയേണ്ട; 24 വീടുവച്ച് നല്‍കും

അടച്ചുറപ്പുള്ള ഒരു വീടില്ലാതെ കഷ്ടപ്പെടുന്ന തിരുവനന്തപുരത്തെ ദളിത് കുടുംബത്തിന് കൈത്താങ്ങായി ട്വന്റിഫോര്‍. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കൂരയില്‍ താമസിക്കുന്ന ലതിതയ്ക്കും മക്കള്‍ക്കും ഉടന്‍ ട്വന്റിഫോര്‍ വീടുവച്ച് നല്‍കുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പ്രഖ്യാപിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭവന പദ്ധതിയില്‍ ഇടംപിടിക്കാതെ പോയ രോഗിയായ ലതികയുടേയും മക്കളുടേയും ദുരിത ജീവിതം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ഈ കുടുംബത്തിനൊപ്പം ട്വന്റിഫോര്‍ ഉണ്ടാകുമെന്ന് ചീഫ് എഡിറ്റര്‍ പ്രഖ്യാപിച്ചത്. (24 will give new home to thiruvananthapuram dalit family )
മടവൂര്‍ പുലിയൂര്‍ക്കോണത്ത് വീടെന്ന് പോലും വിളിക്കാനാകാത്ത ഷീറ്റുകള്‍ കൊണ്ട് മറച്ച കൂരയിലാണ് ലതികയും മക്കളും താമസിക്കുന്നത്. ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാത്ത ലതികയ്ക്ക് ജോലിക്ക് പോകാനാകാത്തതിനാല്‍ കൊടിയ ദാരിദ്ര്യത്തിലാണ് കുടുംബം. അതിനുപുറമേ ശക്തമായൊരു കാറ്റും മഴയും വന്നാല്‍പ്പോലും കൂര ഇടിഞ്ഞുവീഴുമെന്ന് ഇവര്‍ക്ക് ഭയവുമുണ്ട്. ഒരു മഴ വന്നാല്‍ രണ്ട് കുഞ്ഞുങ്ങളുടേയും പുസ്തകങ്ങളാകെ നനയും. പഠിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല. ചോര്‍ച്ചയുള്ള കൂരയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുഖത്തും ശരീരത്തിലുമെല്ലാം മഴവെള്ളം വീണ് ഇവര്‍ക്ക് ഇടക്കിടെ ഞെട്ടിയുണരേണ്ടി വരും.
വേടര്‍ സമുദായത്തില്‍പ്പെട്ട ലതികയേയും കുടുംബത്തേയും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ പോലും തിരിഞ്ഞുനോക്കുന്നില്ല. ആരെങ്കിലും ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ ധരിച്ചൊക്കെയാണ് തങ്ങള്‍ പുറത്തുപോകുന്നതെന്ന് കുട്ടികള്‍ പറയുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ആ കൊച്ചുവീട്ടില്‍ തങ്ങള്‍ പ്രയാസപ്പെടുകയാണെന്നും മക്കള്‍ക്ക് നേരെയിരുന്ന് പഠിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ തന്റെ മനസ് നോവിക്കുന്നുണ്ടെന്നും ലതിക പറഞ്ഞു. തനിക്ക് വൃത്തിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവര്‍ മാറ്റിനിര്‍ത്താറുണ്ടെന്നും ഇത് തന്നെ കൂടുതല്‍ വേദനിപ്പിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : 24 will give new home to thiruvananthapuram dalit family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here