Advertisement

‘കിണഞ്ഞ് ശ്രമിച്ചാലും 10 രൂപയുടെ പോലും അഴിമതിക്കാരനാക്കാൻ സാധിക്കില്ല’ : എച്ച്.സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

July 27, 2023
2 minutes Read
H Salam facebook post

എച്ച് സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേടെന്ന പരാതിയിൽ പ്രതികരണവുമായി എച്ച് സലാം എംഎൽഎ. ഭൂലോകത്ത് ആരെല്ലാം കിണഞ്ഞ് ശ്രമിച്ചാലും 10 രൂപയുടെ പോലും അഴിമതിക്കാരനാക്കാൻ സാധിക്കില്ലെന്നാണ് എച്ച്.സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. അംഗത്വഫീസ് അല്ലാതെ ജനങ്ങളിൽ നിന്ന് പിരിവ് വാങ്ങാറില്ല, സാമ്പത്തിക ഇടപാടുകൾ ബാങ്ക് വഴി മാത്രമാണെന്നും സലാം കുറിപ്പിൽ വ്യക്തമാക്കി. ( H Salam facebook post )

എച്ച് സലാമിനെതിരെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് സിപിഐഎം നേതൃത്വത്തിന് പരാതി നൽകിയത്. പരാതിയിൽ പാർട്ടി അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം കാണാം :

ചേതന പാലിയേറ്റീവ് സൊസൈറ്റിയിൽ നിന്നും ലക്ഷങ്ങളുടെ ക്രമക്കേട് എന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത ശുദ്ധഅസംബന്ധമാണ്. ഇതിൻറെ പേരിൽ ജൂലൈ 15 ന് ചേർന്ന പാർട്ടി ജില്ലാസെക്രട്ടറിയേറ്റ് സ.കെ.പ്രസാദിനെ അന്വഷണ കമ്മീഷനായി നിശ്ചയിച്ചു എന്നതും കള്ള വാർത്തയാണ്.
ചില ചാനൽ വാർത്ത ഉച്ചയ്ക്ക് കൊടുത്ത കഥ വൈകിട്ടായപ്പോൾ മാറ്റി പുതിയ കഥയായി .
നാളെ പുതിയ കഥ വരുമായിരിക്കും..
നിരാലംബരായ നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസമേകുന്ന ചേതന പാലിയേറ്റീവ് അമ്പലപ്പുഴയുടെ ജീവകാരുണ്യ മുഖമായി മാറിക്കഴിഞ്ഞ പ്രസ്ഥാനമാണ്. അതിനെ തകർക്കാനും അതുവഴി വ്യക്തിപരമായി എന്നെ അപകീർത്തിപ്പെടുത്തുവാനും ചിലർക്ക് ആഗ്രഹമുണ്ടായിരിക്കാം. പക്ഷേ ഭൂലോകത്ത് ആരെല്ലാം കിണഞ്ഞ് പരിശ്രമിച്ചാലും എന്നെ 10 രൂപയുടെ പോലും അഴിമതിക്കാരനാക്കുവാൻ സാധിക്കില്ല ,
കാരണം
ചെറിയ പ്രായം തൊട്ടേ ഞാൻ പരിശീലിച്ച് വളർന്ന പ്രസ്ഥാനത്തിന്റെ പേര് സി.പി.ഐ (എം) എന്നാണ്.
ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടും ചായക്കട നടത്തിയും കമ്മ്യൂണിസ്റ്റ് ആശയത്തെ ജീവന് തുല്യം സ്‌നേഹിച്ചും ജീവിച്ച ഹൈദർ എന്ന പിതാവിൽ ജനിച്ചവനാണ് എച്ച്. സലാം.
എസ്.എഫ്.ഐ പ്രവർത്തനത്തിന് പോകുമ്പോൾ ആ പിതാവ് എനിക്ക് നൽകിയ ഉപദേശം ‘ അനർഹമായ ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങിക്കൂട ‘ എന്നാണ്. ഇതുവരെയുള്ള ജീവിതം മുഴുവൻ അത് അക്ഷരംപ്രതി പാലിച്ചാണ് ജീവിച്ചിട്ടുള്ളത്.
വാർത്തയുണ്ടാക്കുന്നവർ കണ്ട് ശീലിച്ച ആളുകളുടെ കൂടെ കൂട്ടാൻ എന്നെ കിട്ടില്ല.
അഴിമതി ചെയ്യില്ല എന്ന് മാത്രമല്ല, അഴിമതിക്കാർക്ക് എതിരെ എന്നും ശക്തമായ നിലപാടും സ്വീകരിച്ചിട്ടുണ്ട്.
ചേതന ലാബിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് 400 ലധികം കിടപ്പുരോഗികളെ വീടുകളിൽ ചെന്ന് പരിചരിക്കുന്നത്. മെമ്പർഷിപ്പ് ഫീസ് അല്ലാതെ ജനങ്ങളിൽ നിന്നും ചേതന പിരിവ് വാങ്ങാറില്ല.
ചേതനയുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തുന്നത് ബാങ്ക് വഴി മാത്രമാണ്. ലാബിലെ കളക്ഷൻ തൊട്ടടുത്ത പ്രവൃത്തി ദിവസം ബാങ്കിൽ നിക്ഷേപിക്കുകയും ചെലവുകൾ ചെക്ക് വഴി മാത്രം നിർവ്വഹിക്കുന്ന രീതിയുമാണ്.
ടെസ്റ്റ് നടത്തിയ ഇനത്തിൽ ഏറെ പണം ചേതനക്ക് കിട്ടാനുണ്ട്. അതുപോലെ തന്നെ റീഏജന്റ് വാങ്ങുന്ന കമ്പനികൾക്കും സ്‌പെഷ്യൽ ടെസ്റ്റുകൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ലാബുകൾക്കുമായി ലക്ഷങ്ങൾ ചേതനക്ക് കടവുമുണ്ട്.
ആദ്യകാലത്ത് കടം വാങ്ങി പോലും ലാബിലെ ജീവനക്കാർക്ക് ശമ്പളം നൽകേണ്ടി വന്നിട്ടുണ്ട്.
ഹോം കെയറിന് ആദ്യത്തെ വാഹനം വാങ്ങിയത് ചിലരിൽ നിന്ന് പണം കടം വാങ്ങിയാണ്. ഇതെല്ലാം കടന്ന് സമൂഹത്തിൽ മികച്ച പ്രസ്ഥാനമായി ചേതന ഇപ്പോൾ വളർന്ന് നിൽക്കുന്നത് നിസ്വാർത്ഥരായ നിരവധിപേരുടെ കഷ്ടപ്പാടിന്റെ ഫലമാണ്. സ്വന്തമായി ഓഫീസ് നിർമ്മിക്കുവാൻ 4 സെന്റ് സ്ഥലം കപ്പക്കടയിൽ വാങ്ങി.
പ്രവർത്തനങ്ങളുടെ നേതൃത്വം ഓമനക്കുട്ടൻ പ്രസിഡണ്ടും ഞാൻ സെക്രട്ടറിയും ഗുരുലാൽ ട്രഷററുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ലാബിന്റെ പ്രവർത്തനങ്ങൾക്ക്
പി ജി സൈറസ് കൺവീനറായി ലാബ് കമ്മിറ്റിയുമാണ് നേതൃത്വം നൽകുന്നത്.
ഇത് പാവപ്പെട്ട രോഗികളുടെ ആശ്രയമാണ്. അതിനെ തകർക്കാൻ ആര് പരിശ്രമിച്ചാലും വിട്ടുതരില്ല.
എഴുന്നേൽക്കാൻ പോലും ശേഷിയില്ലാതെ ജീവിക്കുന്ന നൂറ് കണക്കിന് രോഗികളായ പാവപ്പെട്ട മനുഷ്യരുടെ സ്പന്ദനമാണ് ഈ പ്രസ്ഥാനം.
ഏത് ദുഷ്ടബുദ്ധിക്കാരന്റെ വാർത്താനിർമ്മിതി ആണെങ്കിലും അവർ കരഞ്ഞു തീർക്കുക അല്ലാതെ മറ്റ് വഴികളില്ല.
ഇത്തരം ഒളി ആക്രമണങ്ങൾക്ക് മുന്നിൽ പതറി പോകുന്ന മനസല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ഞങ്ങൾക്കെല്ലാം പാകപ്പെടുത്തി തന്നത്..
ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് ….
എച്ച്. സലാം MLA

Story Highlights: H Salam facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top