മണിപ്പൂർ അക്രമം: സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തു. സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ 27 നാണ് കേന്ദ്രസർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ മെയ് 4 ന് നടന്ന സംഭവത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കൊലപാതകം, കൂട്ടബലാത്സംഗം, ബലാല്‍ക്കാരമായ അപമാനിക്കൽ, ക്രിമിനൽ ആക്രമണം എന്നീ കുറ്റങ്ങളാണ് സിബിഐ എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.
ഫോറൻസിക് വിദഗ്ധരെ കൂടാതെ, കേസന്വേഷണത്തിനായി വനിതാ ഉദ്യോഗസ്ഥരെ കൂടി അയക്കുമെന്ന് സിബിഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണും കണ്ടെടുത്തി. സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തതോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യും.
മണിപ്പൂരിൽ വൈറലായ വീഡിയോയെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് വ്യാഴാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് “സീറോ ടോളറൻസ് പോളിസി”യാണ് തങ്ങൾക്ക് ഉള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മണിപ്പൂർ സർക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതെന്നും കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്താൻ നിർദേശിക്കണമെന്നും കേന്ദ്രം അഭ്യർത്ഥിച്ചു.
Story Highlights: Probe agency CBI takes over Manipur viral video case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here