5 വയസുകാരിയുടെ കൊലപാതകം: കേരളത്തിൽ യുപി മോഡൽ നടപ്പാക്കണമെന്ന് കെ സുരേന്ദ്രൻ
സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മൃതശരീരം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പൊലീസ് സംവിധാനം പൂർണമായും തകർന്നു കഴിഞ്ഞു. യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. 18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല. അതിഥി തൊഴിലാളികളെ കുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും ശക്തമായ നിരീക്ഷണം ആവശ്യമുണ്ട്.
ഇതിനായി പ്രത്യേക പൊലീസ് സംവിധാനം വേണം. സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവർ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം കേരള പൊലീസിനില്ല. നിരന്തരമായി കേരളത്തിൽ ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Story Highlights: K Surendran wants to implement UP model in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here