സഞ്ജുവിനെ നാല്, അഞ്ച് നമ്പരുകളിലാണ് പരീക്ഷിക്കുന്നതെങ്കിൽ അവിടെ സ്ഥിരമായി അവസരം നൽകണം: സാബ കരീം
മലയാളി താരം സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് മുൻ വിക്കറ്റ് കീപ്പർ സാബ കരീം. സഞ്ജുവിനെ നാല്, അഞ്ച് നമ്പരുകളിലാണ് പരീക്ഷിക്കുന്നതെങ്കിൽ അവിടെ സ്ഥിരമായി അവസരം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിക്കറ്റ് കീപ്പർ എന്നതിനെക്കാൾ ഒരു ബാറ്റർ എന്ന നിലയിലാണ് സഞ്ജു മികച്ചുനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ സിനിമയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (saba karim sanju samson)
“സഞ്ജു അത്ര മികച്ചതല്ലാത്ത ഒരു വിക്കറ്റ് കീപ്പറല്ല. അങ്ങനെ പറയുന്നതുകൊണ്ട് ഞാൻ നിർദ്ദയനാവുന്നതല്ല. ഒരു വിക്കറ്റ് കീപ്പർ എന്നതിനെക്കാൾ സഞ്ജു വളരെ മികച്ച ഒരു ബാറ്ററാണ്. ഒരു പൊസിഷനിൽ അവന് സ്ഥിരമായി അവസരം നൽകണം. മധ്യനിരയിൽ, നാലോ അഞ്ചോ സ്ഥാനത്താണ് അവനെ പരിഗണിക്കുന്നതെങ്കിൽ അവൻ അവിടെ കളിക്കണം. ഇപ്പോൾ ടീം മാനേജ്മെൻ്റ് എല്ലാം കുഴച്ചുമറിക്കുകയാണ്. ലോകേഷ് രാഹുൽ എത്തുമ്പോൾ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യില്ലെന്നുറപ്പാണ്. ലോകകപ്പിൽ കിഷൻ എന്തായാലും ഓപ്പണറാവില്ല.”- സാബ കരീം പറഞ്ഞു.
Read Also: ഇന്ത്യയിൽ നിന്ന് മസാജ് പഠിച്ചെന്ന് അവകാശപ്പെട്ട് ലൈംഗികാതിക്രമം; യുകെയിൽ ഡോക്ടറിനു തടവുശിക്ഷ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ വിമർശനം ശക്തമാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും മുൻ ക്യാപ്റ്റൻ വിരാട് കോലിയെയും പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെയാണ് നെറ്റിസൻസ് രാഹുലിനെതിരെ തിരിഞ്ഞത്.
ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ നടത്തുന്ന പരീക്ഷണങ്ങൾ ആത്‌മഹത്യാപരമാണെന്നാണ് പരക്കെ ഉയരുന്ന വിമർശനം. നാലാം നമ്പറിൽ ഇപ്പോഴും ഒരു അവസാന പേര് ആയിട്ടില്ല. കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നീ ഓപ്ഷനുകളുണ്ടെങ്കിലും ഇരുവരും ഏറെക്കാലമായി പരുക്കേറ്റ് പുറത്താണ്. നാലാം നമ്പറിൽ ഏറെ അവസരങ്ങൾ നൽകിയെങ്കിലും സൂര്യകുമാർ യാദവ് ഏകദിനത്തിൽ മോശം പ്രകടനം തുടരുകയാണ്. മലയാളി താരം സഞ്ജുവിനാവട്ടെ വേണ്ടത്ര അവസരങ്ങൾ നൽകുന്നതുമില്ല. ഇഷാൻ കിഷന് മധ്യനിരയിൽ അത്ര നല്ല പ്രകടനങ്ങൾ നടത്താൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ മാനേജ്മെൻ്റിന് തലവേദന വർധിക്കുകയാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡിനെതിരെ വിമർശനം ശക്തമാവുന്നത്. #SackDravid എന്ന ഹാഷ്ടാഗും എക്സ് ആപ്പിൽ ട്രെൻഡിംഗാണ്.
Story Highlights: saba karim support sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here