Advertisement

കുട്ടിക്കടത്ത് ഏറ്റവും കൂടുതൽ യുപിയിൽ; ഡൽഹിയിൽ 68 ശതമാനത്തിൻ്റെ വർധനവ്: റിപ്പോർട്ട്

July 30, 2023
Google News 2 minutes Read
UP Bihar Andhra Top States In Child Trafficking

രാജ്യത്ത് കുട്ടിക്കടത്ത് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ് ഒന്നാമത്. കഴിഞ്ഞ ആറ് വർഷത്തിനിടെ (2016 നും 2022 നും ഇടയിൽ) ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെട്ടത് യുപിയിൽ നിന്നാണെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു പഠന റിപ്പോർട്ട് അവകാശപ്പെടുന്നു. ബിഹാറും ആന്ധ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഡൽഹിയിൽ കൊവിഡിന് ശേഷം കുട്ടികളെ കടത്തുന്ന കേസുകളിൽ 68 ശതമാനത്തിൻ്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഇന്ത്യയിലെ ചൈൽഡ് ട്രാഫിക്കിംഗ്: സ്ഥിതിവിവരക്കണക്കുകൾ, ടെക്‌നധിഷ്ഠിത ഇടപെടൽ തന്ത്രങ്ങളുടെ ആവശ്യകത’, എന്ന തലക്കെട്ടിലുള്ള ഒരു സമഗ്ര റിപ്പോർട്ടിലാണ് ഈ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി സ്ഥാപിച്ച കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷനും (KSCF) ഗെയിംസ് 24×7 ഉം സംയുക്തമായി സമാഹരിച്ച ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

2016 നും 2022 നും ഇടയിൽ ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെട്ട ആദ്യ മൂന്ന് സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രാപ്രദേശ് എന്നിവയാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഉത്തർപ്രദേശിൽ പ്രീ-കൊവിഡ് ഘട്ടത്തിൽ (2016-2019) റിപ്പോർട്ട് ചെയ്ത സംഭവങ്ങളുടെ എണ്ണം 267 ആയിരുന്നു. എന്നാൽ കൊവിഡിന് ശേഷമുള്ള ഘട്ടത്തിൽ (2021-2022) ഇത് 1214 ആയി കുത്തനെ വർദ്ധിച്ചു. അതുപോലെ, കൊവിഡിന് ശേഷം ഡൽഹിയിൽ കുട്ടികളെ കടത്തുന്ന കേസുകളിൽ 68 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ട് അവകാശപ്പെടുന്നു.

ജില്ലാടിസ്ഥാനത്തിൽ രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരാണ് കുട്ടിക്കടത്തിൽ ഒന്നാമത്. കുട്ടിക്കടത്തിലെ നിലവിലെ ട്രെൻഡുകളുടെയും പാറ്റേണുകളുടെയും സമഗ്ര അവലോകനവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ 18 വയസ്സിന് താഴെയുള്ള 13,549 കുട്ടികളെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട കുട്ടികളിൽ 80 ശതമാനവും 13നും 18നും ഇടയിൽ പ്രായമുള്ളവരാണെന്നും 13 ശതമാനം ഒമ്പതിനും 12നും ഇടയിൽ പ്രായമുള്ളവരാണെന്നും 2 ശതമാനത്തിലധികം പേർ ഒമ്പത് വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബാലവേല വ്യാപകമാകുന്ന വ്യവസായങ്ങളെയും റിപ്പോർട്ട് എടുത്തുകാട്ടുന്നു. ഹോട്ടലുകളിലും ധാബകളിലുമാണ് ഏറ്റവും കൂടുതൽ കുട്ടികൾ ജോലി ചെയ്യുന്നത് (15.6 ശതമാനം). രണ്ടാമതായി ഓട്ടോമൊബൈൽ അല്ലെങ്കിൽ ട്രാൻസ്പോർട്ട് വ്യവസായം (13 ശതമാനം), മൂന്നാമതായി ടെക്സ്റ്റൈൽ വ്യവസായം (11.18 ശതമാനം).

Story Highlights: UP, Bihar, Andhra Top States In Child Trafficking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here