‘ഇതാണ് ‘റിയൽ മലപ്പുറം’ വിജയലക്ഷ്മിയുടെ മരണം, മദ്രസയ്ക്ക് അവധി; ചടങ്ങിന് എത്തുന്നവർക്ക് താമസിക്കാൻ മദ്രസ വിട്ടുനൽകി മദ്രസ കമ്മിറ്റി

സഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും പ്രതീകമാകുകയാണ് മലപ്പുറം കോട്ടക്കൽ മാട്ടനപ്പാടിൽ നടന്ന മരണാനന്തര ചടങ്ങ്. മാട്ടനപ്പാടി സ്വദേശി വിജയ ലക്ഷ്മിയുടെ മരണാനന്തര ചടങ്ങിന് എത്തുന്നവർക്ക് താമസിക്കാൻ മദ്രസ വിട്ടു നൽകി മദ്രസ കമ്മിറ്റി മാതൃകയായി. (Malappuram Madrasa holiday on death of vijaya lakshmi)
ചക്കിങ്ങല്‍തൊടി വേലായുധന്റെ ഭാര്യ വിജയലക്ഷ്മി കഴിഞ്ഞ ദിവസം മരിച്ചപ്പോള്‍ സമീപത്തെ തഅ്‌ലീമു സ്വിബ് യാന്‍ മദ്രസയിലെ അധ്യാപകനും ഭാരവാഹികളും ക്ലാസിന് അവധിയെടുത്താണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്. വേലായുധന്റെ ഭാര്യ വിജയലക്ഷ്മി(58)യുടെ മരണം കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു.
വിവരമറിഞ്ഞയുടന്‍ മദ്രസ അധ്യാപകന്‍ അബ്ദുല്‍ മജീദ് മുസ്‌ല്യാര്‍ പൊട്ടിക്കലും മദ്രസ കമ്മിറ്റി പ്രസിഡന്റ് അമ്പലവന്‍ ആറ്റുമണ്ണില്‍ കുഞ്ഞിപ്പയും സെക്രട്ടറി കരുമണ്ണില്‍ അബ്ദുഹാജിയും വിജയലക്ഷ്മിയുടെ വീട്ടിലെത്തി. വിജയലക്ഷ്മിയുടെ വീട്ടില്‍ സ്ഥല പരിമിതി ഉള്ളതിനാല്‍ ദൂരെ നിന്നെത്തിയ ബന്ധുക്കളും മറ്റും മദ്രസയുടെ ഇരുനിലക്കെട്ടിടത്തിലാണ് രാത്രി താമസിച്ചത്. ഇവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ മദ്രസ ഭാരവാഹികളും മുന്നിലുണ്ടായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനായി ഷൊര്‍ണൂരിലേക്ക് കൊണ്ടുപോകുന്നത് വരെ മദ്രസ കമ്മിറ്റി വിജയലക്ഷ്മിയുടെ കുടുംബത്തെ സഹായിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
വിജയലക്ഷ്മി- വേലായുധന്‍ ദമ്പതികളും മദ്രസയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മദ്രസയില്‍ ആരെങ്കിലും പലഹാരങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ കൊണ്ടുവന്നാല്‍ അതിന്റെ ഒരു ഭാഗം വേലായുധന്റെ വീട്ടിലേക്ക് കൊടുക്കും. വേലായുധന്റെ വീട്ടില്‍ വിശേഷാവസരങ്ങളില്‍ ആദ്യം എത്തുന്നത് മദ്രസ ഭാരവാഹികളാണ്. നബിദിനം പോലുള്ള ചടങ്ങുകളില്‍ സഹായിക്കാന്‍ വേലായുധനും കുടുംബവും മദ്രസയിലെത്തും. വേലായുധന്റെ കുടുംബം കുടിവെള്ളത്തിനായി പലപ്പോഴും ആശ്രയിക്കുന്നത് മദ്രസയെയാണ്. തയ്യല്‍ക്കാരനാണ് വേലായുധൻ.
Story Highlights: Malappuram Madrasa holiday on death of vijaya lakshmi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here