ഡോക്ടർ വന്ദനദാസ് കൊലപാതക കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സ്ഥിരം മദ്യപാനിയായ പ്രതി സന്ദീപ് ബോധപ്പൂർവം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എന്നാണ് സൂചന. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള 11 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് കേസ് അന്വേഷിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസിനെ മെയ് 10ന് ആണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിർണായകം. പ്രതി സന്ദീപ്, വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്സാക്ഷി മൊഴിയുണ്ട്.
സന്ദീപിന്‍റെ വസ്ത്രത്തിൽ നിന്ന് വന്ദനാ ദാസിന്‍റെ രക്തക്കറ കണ്ടെത്തിയിരുന്നു ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്. സിസിടിവി ക്യാമറ ദൃശ്യങ്ങൾ, പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴികൾ, സന്ദീപിന്റെയും നാട്ടുകാരുടെയും ബന്ധുക്കളുടേയും മൊഴികൾ, സാഹചര്യ തെളിവുകൾ, ആശുപത്രിയിലെ നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ തുടങ്ങി നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് കുറ്റപത്രം. പ്രതി സന്ദീപ് സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു
അതിനിടെ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനാ ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി പതിനേഴിന് പരിഗണിക്കും.
Story Highlights: Investigation team will submit chargesheet in Dr Vandana case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here