ചരിത്രസത്യം പോലെ പ്രധാനമാണ് വിശ്വാസികൾക്ക് വിശ്വാസസത്യം; വി.ഡി സതീശൻ

ചരിത്ര സത്യം പോലെ പ്രധാനമാണ് വിശ്വാസികൾക്ക് വിശ്വാസ സത്യമെന്നും ശാസ്ത്രബോധത്തെ മത വിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുകയാണ്. സങ്കീർണമായ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിലേക്ക് വർഗീയവാദികൾ ചാടി വീഴാൻ കാത്തിരിക്കുകയാണ്. ഷംസീറിൻ്റെ പ്രസ്താവന അവർക്ക് ആയുധം കൊടുക്കുന്നത് പോലെയായെന്നും അദ്ദേഹം വിമർശിച്ചു.
ഷംസീറിന് പിന്നാലെ വന്ന ജയരാജൻ്റെ പ്രസ്താവന വിഷയം ആളിക്കത്തിക്കാനാണ് സഹായിച്ചത്. വിശ്വാസം വിശ്വാസികളുടെ സ്വന്തമാണ്.
ശാസ്ത്രബോധത്തെ മത വിശ്വാസമായി കൂട്ടിക്കുഴക്കേണ്ടതില്ല. ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുകയാണ്. സിപിഐഎം കുറച്ചു കൂടി ശ്രദ്ധയോടെ വിഷയം കൈകാര്യം ചെയ്യുമെന്നാണ് കരുതിയത്. എന്നാൽ അവർ എരി തീയിൽ എണ്ണ ഒഴിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്.
വിശ്വാസം വിശ്വാസമായി നിലനിൽക്കട്ടെ. സാമുദായിക സംഘടനയായ എൻഎസ്എസ് വിശ്വാസസമൂഹം ആണ്, അവർ രാഷ്ട്രീയപാർട്ടിയല്ല. സ്പീക്കർ പ്രസ്താവന തിരുത്തിപ്പറയണം. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആളുകൾ കുറച്ചുകൂടി ജാഗ്രതയോടെയാണ് വിവിധ വിഷയങ്ങളെ സമീപിക്കേണ്ടതെന്നും സതീശൻ അഭിപ്രായപ്പെട്ടു.
സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. എ എന് ഷംസീറിനോട് രാജി വയ്ക്കാനല്ല എൻഎസ്എസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാപ്പ് പറയണമെന്നാണ് എൻഎസ്എസിന്റെ ആവശ്യമെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു. ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമാണ്. ആ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളേയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും. ഇത് സൂചന മാത്രമാണ്. ശബരിമല പ്രക്ഷോഭത്തിന് സാമനമാണ് പ്രതിഷേധങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ എൻ ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ജി സുകുമാരൻ നായർ വിമർശിച്ചു. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ ഏറ്റു പറയണം. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ മറ്റു മതങ്ങൾക്ക് വേണ്ടേയെന്ന് സുകുമാരൻ നായർ ചോദിക്കുന്നു. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. ഗണപതി മിത്താണെന്ന് എങ്ങനെ പറയാൻ സാധിക്കും? സ്വർഗത്തിൽ ഹൂറിമാർ ഉണ്ടെന്ന് പറയുന്നവർ സ്വർഗത്തിൽ നേരിൽപോയി കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ജി സുകുമാരൻ നായരാണ് മാപ്പ് പറയേണ്ടതെന്ന എ കെ ബാലന്റെ വിമർശനങ്ങൾക്കും എൻഎസ്എസ് മറുപടി നൽകി. എ കെ ബാലനൊക്കെ ആര് മറുപടി പറയുമെന്നായിരുന്നു ജി സുകുമാരൻ നായരുടെ പരിഹാസം. എകെ ബാലൻ വെറും നുറുങ്ങ് തുണ്ടാണ്. കോൺഗ്രസ് നേതാക്കൾക്കും ഈ വഴി വരേണ്ടിവരുമെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സ്പീക്കറുടെ പരാമർശത്തിനെതിരെ എൻഎസ്എസ്
ഇന്ന് നാമജപ ഘോഷയാത്ര നടത്തുകയാണ്.
Story Highlights: Controversial speech; VD Satheesan criticizes AN Shamseer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here