Advertisement

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു

August 3, 2023
Google News 2 minutes Read
labor department continues to inspect guest labor camps in the state

അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകൾ, താമസസ്ഥലങ്ങൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 സ്ഥലങ്ങളിൽ കൂടി ഉദ്യോഗസ്ഥർ പരിശോധന നടത്തി. സംസ്ഥാനത്തെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അസിസ്റ്റന്റ് ലേബർ ഓഫീസർമാരും അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ഇവിടങ്ങളിലെല്ലാം 8387 അതിഥി തൊഴിലാളികളുണ്ടെന്നും കണ്ടെത്തി.

അതിഥി പോർട്ടൽ രജിസ്ട്രേഷന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും രജിസ്ട്രേഷൻ നടപടിക്രമങ്ങളും പരിശോധനയുടെ ഭാഗമാണ്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതി രഹിതവുമാണെന്ന് ഉറപ്പാക്കണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തര നിർദേശത്തെ തുടർന്നാണ് പരിശോധന. കരാർ തൊഴിൽ നിയമം, വിദേശ തൊഴിലാളി നിയമം, കെട്ടിട നിർമാണ തൊഴിലാളി നിയമം എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ പ്രവർത്തനങ്ങൾ, കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്തത്, മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, വൃത്തിഹീനമായ സ്ഥലങ്ങളിൽ തൊഴിലാളികളെ പാർപ്പിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി.

നിയമലംഘനങ്ങൾ ഉടൻ പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും വൃത്തിഹീനമായ സാഹചര്യത്തിൽ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. അതിഥി തൊഴിലാളികൾക്കിടയിലെ മയക്കുമരുന്ന് ഉപഭോഗവും ക്രിമിനൽ പശ്ചാത്തലവും കണ്ടെത്തുക, പകർച്ചവ്യാധി സാധ്യത വിലയിരുത്തുക, അതിഥി പോർട്ടൽ രജിസ്ട്രേഷന്റെ ആവശ്യകത അറിയിക്കുക, നിർമ്മാണ സൈറ്റുകളിൽ ഇതരസംസ്ഥാനതൊഴികൾക്കുള്ള രജിസ്ട്രേഷനും ലൈസൻസിംഗ് നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം.

മയക്കുമരുന്ന് ഉപയോഗവും ക്രിമിനൽ പശ്ചാത്തലവും ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ പൊലീസും എക്‌സൈസും വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Story Highlights: labor department continues to inspect guest labor camps in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here