Advertisement

സ്വാതന്ത്ര്യസമരങ്ങൾക്ക് വീര്യം പകർന്ന മലയാളി കരുത്ത്

August 7, 2023
Google News 2 minutes Read
Malayali Freedom Fighters

നൂറ്റാണ്ടുകളുടെ പോരാട്ട കഥയാണ് നമ്മുടെ സ്വാതന്ത്ര്യസമരം. ഇന്ത്യ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ആത്മത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രമുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ധീരന്മാരുടെ കഥ നമുക്ക് സുപരിചിതമാണ്. എന്നാൽ ചരിത്രത്തിൽ പേരുപോലുമില്ലാത്ത അനേകം സ്വാതന്ത്ര്യസമര സേനാനികളുടേതുകൂടിയാണ് സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രം. മറ്റൊരു സ്വാതന്ത്ര്യദിനം കൂടി അടുത്തിരിക്കെ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഏതാനും മലയാളികളെ നമുക്ക് നോകാം…

കെ കുമാർ (1894 – 1973):
സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പുള്ള ദേശീയ നവോത്ഥാന കാലഘട്ടത്തിലെ പ്രമുഖ വാഗ്മിയും പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്നു കുമാർജി എന്ന കെ കുമാർ. ഗാന്ധിയുടെ സന്ദേശവും ദേശീയതയുടെ ചൈതന്യവും തിരുവിതാംകൂറിൽ എത്തിച്ച ആദ്യത്തെ സാമൂഹിക-രാഷ്ട്രീയ നേതാക്കളിൽ ഒരാൾ. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സമയത്ത് കുമാർജി തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. കോഴിക്കോട്ടെ ഉപ്പു സത്യാഗ്രഹം, വിദേശ തുണി ബഹിഷ്കരണം, ആലപ്പുഴയിലെ പിക്കറ്റിംഗ്, വൈക്കം സത്യാഗ്രഹം തുടങ്ങി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിവിധ പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ കെ കുമാർ ഉണ്ടായിരുന്നു.

പത്തനംതിട്ട(പഴയ കൊല്ലം) ജില്ലയിലെ ഇലന്തൂർ എന്ന ഗ്രാമത്തിലെ ഒരു പരമ്പരാഗത നായർ കുടുംബത്തിലാണ് കെ കുമാറിന്റെ ജനനം. കേരള പര്യടനങ്ങളിൽ ഗാന്ധിജിയുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിൽ വിവർത്തനം ചെയ്തിരുന്നത് കുമാർജിയായിരുന്നു. കൂടാതെ ഒന്നിലധികം തവണ ഗാന്ധിജിയുടെ തിരുവിതാംകൂർ പര്യടനത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയെ കൂടാതെ, രാജാജി, പണ്ഡിറ്റ് നെഹ്‌റു, സി.ആർ ദാസ്, മറ്റ് പ്രമുഖ നേതാക്കൾ എന്നിവരുമായി കുമാർജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

കെ. കേളപ്പൻ (1889 – 1971)
കേരളത്തില്‍ നിന്നുള്ള പ്രമുഖ നവോത്ഥാന നേതാക്കളില്‍ ഒരാളായ കെ കേളപ്പന്‍ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യ സമര സേനാനിയും എന്ന നിലയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. 1889 ഓഗസ്റ്റ് 24 ന് കോഴിക്കോട്ടെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച കേളപ്പന്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കായും ബ്രിട്ടീഷുകാര്‍ക്കെതിരായും പോരാടി. കേളപ്പന്‍ കേരള ഗാന്ധി എന്നാണ് അറിയപ്പെടുന്നത്.

കെ കേളപ്പന്റെ ആദ്യകാല തൊഴില്‍ ജീവിതം അദ്ധ്യാപകനായും തുടര്‍ന്ന് പ്രിന്‍സിപ്പലായും അവസാനിച്ചത് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതോടെയാണ്. കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പനായിരുന്നു നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. മലബാർ ലഹളയുടെ കാലത്ത് ഒരുകൂട്ടം വിപ്ലവകാരികൾ പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ഗാന്ധിജിയുടെ വ്യക്തിഗതസത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേളപ്പൻ. വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അതോടനുബന്ധിച്ച് തുടങ്ങിയ കോൺഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ കൺവീനറായിരുന്നു കേളപ്പൻ. 1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഒരു വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിനരികിൽ സത്യഗ്രഹികളുടെ ക്യാമ്പ് നടന്നു. എ.കെ.ജിയെ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും അഹിംസ കൈവെടിയാതെ സമാധാനപരമായി സത്യഗ്രഹം ചെയ്യാൻ കേളപ്പജിക്കും അനുയായികൾക്കും സാധിച്ചു.

എ.വി കുട്ടിമാളു അമ്മ (1905-1985)
ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്നു എ.വി കുട്ടിമ്മാളു അമ്മ. അമ്പത്തിയാറു ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയുംകൊണ്ട്, ആദർശത്തിന്റെ പേരിൽ തടവറയിലേക്ക് ഉറച്ച കാൽവെപ്പുകളോടെ കടന്നുചെന്ന ഒരു സ്ത്രീ. പാലക്കാട്‌ ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തിൽ പെരുമ്പിലാവിൽ ഗോവിന്ദമേനോന്റെയും അമ്മു അമ്മയുടേയും മൂത്തമകളായി 1905 ഏപ്രിൽ 23 നാണ്‌ കുട്ടിമാളു അമ്മ ജനിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയുമായിരുന്നു. സ്വദേശി പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ പ്രധാന സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായിരുന്നു കുട്ടിമാളു അമ്മ. രാഷ്ട്രീയ പ്രവർത്തനത്തിന്‌ അധികാരരാഷ്ട്രീയം, സേവനരാഷ്ട്രീയം എന്നീ രണ്ട്‌ തട്ടകമുണ്ടെങ്കിൽ കുട്ടിമാളു അമ്മ രണ്ടാമത്തെ തട്ടകത്തിൽ ഉറച്ചുനിന്നു.

അക്കാമ്മ ചെറിയാൻ (1909-1982)
തിരുവിതാംകൂറിലെ കാഞ്ഞിരപ്പള്ളിയിലെ ഒരു ചെറിയ കുഗ്രാമത്തില്‍ ജനിച്ച അക്കാമ്മ ചെറിയാന്‍ പിന്നീട് രചിച്ചത് തിളങ്ങുന്ന അധ്യായങ്ങളായിരുന്നു. തൊഴില്‍പരമായി അധ്യാപികയാണെങ്കിലും അവരുടെ യഥാര്‍ഥ സ്വപ്നം രാജ്യം സ്വതന്ത്രമായി കാണുക എന്നതായിരുന്നു. അതിനാല്‍, സ്വാതന്ത്ര്യ സമരത്തില്‍ ചേരുന്നതിനായി ജോലി ഉപേക്ഷിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ പൊതുപ്രകടനം നടത്താന്‍ തീരുമാനിച്ചു.

തിരുവിതാംകൂര്‍ ദിവാന്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് 1938 ഓഗസ്റ്റില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി. ഇത് കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ നിയമലംഘന പ്രസ്ഥാനത്തിന് ജന്മം നല്‍കി. പാര്‍ടിയുടെ നേതാക്കള്‍ തടവിലാക്കപ്പെട്ടു. ജയിലില്‍ കിടക്കുന്ന നേതാക്കളെ മോചിപ്പിക്കാനും തിരുവിതാംകൂറില്‍ ഉത്തരവാദിത്തമുള്ള സര്‍കാര്‍ സ്ഥാപിക്കാനും ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്താന്‍ അക്കാമ്മ വലിയ റാലി സംഘടിപ്പിച്ചു. അക്കാമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ 20,000-ത്തിലധികം പേര്‍ പങ്കെടുത്തു. അവരുടെ ധൈര്യത്തെ നിരവധി പേര്‍ അഭിനന്ദിക്കുകയും ഗാന്ധിജി അവര്‍ക്ക് ‘തിരുവിതാംകൂറിലെ ഝാന്‍സി കി റാണി’ എന്ന പദവി നല്‍കുകയും ചെയ്തു.

മുഹമ്മദ് അബ്ദുറഹിമാൻ (1898 – 1945)
കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുറഹിമാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് എന്നും അറിയപ്പെടുന്നു. മുസ്ലിം ഐക്യസംഘവുമായി സഹകരിച്ചുകൊണ്ട് സാമുദായിക പരിഷ്കരണ രംഗത്തും സാഹിബ് പ്രവർത്തിച്ചിരുന്നു. മുഹമ്മദ് അബ്ദുറഹിമാൻ 1898-ൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കോഴിക്കോട് ബാസൽ മിഷൻ കോളജിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡൻസി കോളജിൽ ഉപരിപഠനം നടത്തി.

മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ്റെ രാഷ്ട്രീയ രംഗപ്രവേശം. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ പൊറ്റശ്ശേരിയിലെ ബ്രിട്ടീഷ് അനുകൂലിയുമായിരുന്ന ചേന്നമംഗലൂർ കളത്തിങ്ങൽ അബ്ദുസ്സലാം അധികാരിയുടെ വീട്ടിൽ നിന്ന് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം.

Story Highlights: Malayali Freedom Fighters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here