Advertisement

10 മിനിറ്റിനുള്ളിൽ മൂന്ന് മോഷണശ്രമം, ഇരകൾ നടക്കാനിറങ്ങുന്ന മുതിർന്ന പൗരന്മാർ; ഡൽഹിയിൽ ആശങ്ക പരത്തി ക്രിമിനലുകളുടെ പുതിയ പ്രവണത

August 8, 2023
Google News 2 minutes Read
3 Delhi Robberies In 10 Minutes; 74-Year-Old Killed; Cops See Scary Trend

രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില ചോദ്യചിഹ്നമായി തുടരുന്നതിനിടെ ഡൽഹിയിൽ വീണ്ടും അക്രമ പരമ്പര. 10 മിനിറ്റിനുള്ളിൽ ഡൽഹിയിൽ നടന്നത് മൂന്ന് കവർച്ചശ്രമങ്ങൾ. ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ ഒരു മുതിർന്ന പൗരൻ കുത്തേറ്റു മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടിയെത്തുടർന്ന് 42 ക്രിമിനൽ കേസുകളുള്ള കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂർ മേഖലയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്ന് പ്രതികൾ മോഹൻലാൽ ഛബ്ര എന്ന 74 കാരനെയാണ് ആദ്യം ആക്രമിക്കുന്നത്. വൃദ്ധനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണാഭരണങ്ങളും പണവും അപഹരിച്ചു. കൊല്ലപ്പെടുന്നതുവരെ വയോധികനെ തുടർച്ചയായി കുത്തിയെന്നാണ് റിപ്പോർട്ട്. അടുത്ത 10 മിനിറ്റിനുള്ളിൽ 54 കാരനായ അശോകിനെയും 70 കാരനായ ഓം ദത്തിനെയും പ്രതികൾ ആക്രമിച്ചു.

ദത്തിൽ നിന്ന് 500 രൂപയും ചില രേഖകളും സംഘം തട്ടിയെടുത്തു. കുത്തേറ്റ ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തുടർച്ചയായുള്ള സംഭവങ്ങളിൽ പൊലീസ് അതിവേഗം ഇടപെടുകയും പ്രാദേശിക ഇന്റലിജൻസ് ഇൻപുട്ടുകൾ ഉപയോഗിച്ച് 42 കേസുകളുള്ള കുപ്രസിദ്ധ കുറ്റവാളി അക്ഷയ് കുമാറിനെ പിടികൂടുകയും ചെയ്തു. ഇയാളുടെ സഹായികളായ സോനു, വൈഭവ് ശ്രീവാസ്തവ എന്നിവരും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്ഷയ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കവർച്ച ചെയ്ത വസ്തുക്കളും കണ്ടെടുത്തു. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ മൂന്നു പ്രതികളും മദ്യപിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഡൽഹിയിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനിടയിലാണ് പൊലീസിനെപ്പോലും ഭയപ്പെടുത്തുന്ന ക്രിമിനലുകളുടെ ഈ പുതിയ പ്രവണത. പൊലീസ് പറയുന്നതനുസരിച്ച്, ആളൊഴിഞ്ഞ സ്ഥലങ്ങൾ, തെരുവുകൾ, ഇടനാഴികൾ എന്നിവ കേന്ദ്രീകരിച്ചാണ് മോഷണം. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങുന്ന മുതിർന്ന പൗരന്മാരെയാണ് കവർച്ച സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ചാണ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ആലോചിക്കുന്നത്.

Story Highlights: 3 Delhi Robberies In 10 Minutes, 74-Year-Old Killed, Cops See Scary Trend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here