“രാജ്യസ്നേഹം കൊണ്ട് ഇന്ത്യ ലോകകപ്പ് വിജയിക്കുമെന്ന് പറയാം, പക്ഷേ…”: ഇന്ത്യൻ ടീമിൽ ആശങ്കയുമായി യുവരാജ്
ഏകദിന ക്രിക്കറ്റ് ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി 2 മാസങ്ങൾ മാത്രം. ഇന്ത്യയുടെ ആതിഥേയത്വത്തിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുമ്പ് വിദഗ്ധരും മുൻ ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ ലോകകപ്പ് ജേതാക്കളെ പ്രവചിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗിന് പറയാനുള്ളത് മറ്റൊന്നാണ്. ഇന്ത്യൻ ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുവി രംഗത്തെത്തിയിരിക്കുന്നത്.
‘ഞാനൊരു ഇന്ത്യക്കാരനാണ്, രാജ്യസ്നേഹം കൊണ്ട് ഇന്ത്യ വിജയിക്കുമെന്ന് പറയാം. പക്ഷേ ഇപ്പോഴത്തെ ടീമിൽ എനിക്ക് ആശങ്കയുണ്ട്. പരിക്കിൽ വലയുകയാണ് ഇന്ത്യയുടെ മധ്യനിര. ഈ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ടീമിന് ദോഷം ചെയ്യും, പ്രത്യേകിച്ച് സമ്മർദ്ദം കൂടുതലുള്ള ഗെയിമുകളിൽ. പ്രഷർ ഗെയിമുകളിൽ പരീക്ഷണം നടത്തരുത്. മധ്യനിരയിൽ ബാറ്റ് ചെയ്യാനുള്ള വൈദഗ്ധ്യം ഒരു ഓപ്പണറുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ലോകകപ്പിന് മധ്യനിര തയ്യാറായിട്ടില്ല, ശക്തമായ മധ്യനിര കെട്ടിപ്പടുക്കേണ്ടതുണ്ട്’ – യുവരാജ് പറഞ്ഞു.
രോഹിത് ശർമ്മ ഒരു മികച്ച ക്യാപ്റ്റനാണെന്നും എന്നാൽ അദ്ദേഹത്തിന് നല്ലൊരു ടീമിനെ നൽകണമെന്നും യുവരാജ് സിംഗ്. ധോണിയും മികച്ച ക്യാപ്റ്റനായിരുന്നു, എന്നാൽ പരിചയസമ്പന്നരായ കളിക്കാരുള്ള മികച്ച ടീം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ മത്സരത്തിലും വേണ്ടത് കൂട്ടായ പരിശ്രമമായിരിക്കണം. ഏത് സമ്മർദത്തിലും താരങ്ങൾ സജ്ജരായിരിക്കണമെന്നും യുവി പറഞ്ഞു.
Story Highlights: Yuvraj Singh Plays Down World Cup Title Hopes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here