‘മണിപ്പൂരിൽ ഭാരതമാതാവ് കൊലചെയ്യപ്പെട്ടു’: രാഹുൽ ഗാന്ധി വയനാട്ടിൽ

ലോക്‌സഭാംഗത്വം പുനസ്ഥാപിക്കപ്പെട്ട ശേഷം മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി വയനാട്. കൽപ്പറ്റയിൽ നടന്ന പൊതു സമ്മേളനത്തിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. മണിപ്പൂരിൽ ഭാരതമാതാവ് കൊലചെയ്യപ്പെട്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇന്ത്യയെന്ന മഹത്തായ ആശയം നശിപ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചിരിക്കുകയാണെന്ന് വിമർശിച്ച രാഹുൽ, മണിപ്പൂരിലെ ഐക്യം കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്നും വ്യക്തമാക്കി. ( Bharat matha killed at manipur says rahul gandhi )
നാല് മാസത്തിന് ശേഷം മണ്ഡലത്തിലെത്തിയ രാഹുൽഗാന്ധിക്ക് ലഭിച്ചത് ഊഷ്മള വരവേൽപ്പാണ്. പതിനെട്ട് മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന പ്രസംഗത്തിലുടനീളം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു രാഹുൽ. സംഘർഷഭരിതമായ മണിപ്പൂരിൽ എത്തിയതിൻറെ നേരനുഭവങ്ങൾ പങ്കുവച്ചായിരുന്നു രാഹുൽഗാന്ധി സംസാരിച്ച് തുടങ്ങിയത്. മണിപ്പൂരിൽ ഭാരതമാതാവിന്റെ ഹത്യനടന്നുവെന്ന് രാഹുൽ ആവർത്തിച്ചു.
ഇന്ത്യയെന്ന മഹത്തായ ആശയം നശിപ്പിച്ച് പ്രധാനമന്ത്രി ചിരിക്കുകയാണ്. പാർലമെൻറിൽ നരേന്ദ്രമോദി രണ്ടരമണിക്കൂർ പ്രസംഗിച്ചപ്പോൾ രണ്ട് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. എങ്ങനെയാണിത് സാധിക്കുന്നതെന്നും രാഹുൽ ചോദിച്ചു.
മണിപ്പൂരിനെ ഇഴയടുപ്പത്തിലേക്ക് കൊണ്ടുവരാനുള്ള ദൗത്യം കോൺഗ്രസ് നടപ്പാക്കും. കുടുംബം എന്ന യാഥാർത്ഥ്യത്തെ ബിജെപിക്കും ആർഎസ്എസിനും മനസിലാകില്ല. എത്രതവണ വേർപ്പെടുത്താൻ ശ്രമിച്ചാലും വയനാടുമായുള്ള ബന്ധം ശക്തിപ്പെടുമെന്നും രാഹുൽ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ വയനാട് നൽകിയ സ്‌നേഹത്തിനും സംരക്ഷണത്തിനും ആദരവിനും രാഹുൽ നന്ദി പറഞ്ഞു. കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച 9 വീടുകളുടെ താക്കോൽദാനവും എംപി നിർവഹിച്ചു.
നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലും നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാകും രാഹുൽഗാന്ധി ഡൽഹിയിലേക്ക് മടങ്ങുക.
Story Highlights: Bharat matha killed at manipur says rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here