കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: പണിമുടക്കിന് മുമ്പ് ശമ്പളം നൽകുമെന്ന് ആൻ്റണി രാജു

ശമ്പള പ്രതിസന്ധിയെ തുടർന്നുള്ള കെഎസ്ആർടിസിയിലെ സമരം ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നൽകും. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഈ മാസം 26 നാണ് കെഎസ്ആർടിസി യൂണിയനുകൾ സംയുക്ത സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), സെന്‍റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയന്‍ (സിഐടിയു) സംഘടനകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നൽകും. കഴിഞ്ഞമാസം വരെയുള്ള ശമ്പളം നൽകി. ധനവകുപ്പ് 30 കോടി രൂപയാണ് ഈ മാസത്തേക്ക് അനുവദിച്ചിരിക്കുന്നത്. അത് മതിയാവാത്തതിനാൽ 70 കോടി രൂപ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്ന് ആന്റണി രാജു വ്യക്തമാക്കി.
എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് സ്ഥലം മാറ്റം അടിയന്തരമായി അനുവദിക്കുക, നിയമവിരുദ്ധമായി തൊഴിലാളികളില്‍ നിന്നും പിഴയീടാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.
Story Highlights: KSRTC salary crisis: Antony Raju promises to pay salary before strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here