ഓടിക്കളിച്ചുവളര്‍ന്ന സ്‌കൂള്‍ മുറ്റത്ത് യൂസഫലിയെത്തി; ചേര്‍ത്തുപിടിച്ച് പ്രിയ കൂട്ടുകാരും അധ്യാപകരും

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…. ഒഎന്‍വിയുടെ വരികള്‍ പാടി ആ കൂട്ടുകാര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഓര്‍മകളുടെ മധുരം ഇരട്ടിയായി. 52 വര്‍ഷങ്ങള്‍ക്കപ്പുറം ഒരുമിച്ച് ഒരേക്ലാസ് മുറിയില്‍ ഇരുന്ന് ചങ്ങാത്തം കൂടി പഠിച്ചും കളിച്ചും നടന്ന കാലം ഓര്‍ത്തെടുത്തു ആ കൂട്ടുകാര്‍ക്കൊപ്പം എംഎ യൂസഫലിയും. കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിലാണ് കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പമിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും എം എ യൂസഫലിയും സൗഹൃദം പങ്കുവച്ചത്. ഒപ്പം പഠിച്ച സ്‌കൂളിന് 50 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. ( yusuff ali school reunion )
ഡെസ്‌കിലടിച്ചും ബോര്‍ഡിലെഴുതിയും വരച്ചും കളിച്ചും പഠിച്ചും നടന്ന നാളുകള്‍ ഓര്‍മകളിലെവിടെയോ മിന്നിമറഞ്ഞു. കുട്ടിനിക്കറും കൊച്ചുപാവാടയുമിട്ട് നടന്ന സ്‌കൂള്‍കാലത്ത് നിന്ന് ബിസിനസിന്റെയും സ്വകാര്യജീവിതത്തിന്റെയും തിരക്കുകളിലേക്ക് എത്തിയപ്പോഴും ഒരുമിച്ച് കൂടാന്‍ അവര്‍ മറന്നില്ല. ഓര്‍മകള്‍ സഞ്ചരിച്ചു, അഞ്ച് പതിറ്റാണ്ടുകാലം പിന്നിലേക്ക്. 1970-71സ്‌കൂള്‍ കാലഘട്ടം. ഫിലോമിനയും ഗിരിജയും യൂസഫുമെല്ലാം മനസുതുറന്നു. സൗഹൃദത്തിന്റെ നല്ലകാലം ഓര്‍ത്തെടുത്തു. കൂടെ പഠിച്ചവരെല്ലാം വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്നു. അവരിലൊരാളായ യൂസഫലി, ഇന്ന് ലോകമറിയുന്ന ബിസിനസുകാരന്‍. നാനാരാജ്യങ്ങളിലായി പടര്‍ന്നുകിടത്തുന്ന ലുലു ഗ്രൂപ്പിന്റെ ഉടമ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിത്വം. ആ വളര്‍ച്ചയുടെ തലയെടുപ്പ് ലവലേശമില്ലാതെ, പഴയ സഹപാഠികളുടെ പ്രിയപ്പെട്ട യൂസഫായി ആ ക്ലാസ് മുറിയിലിരുന്നു. ഒഎന്‍വിയുടെ കവിത ചൊല്ലി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പേര് പോലും മറക്കാത്ത പ്രിയ കൂട്ടുകാരന്റെ സ്‌നേഹത്തിന് മുന്നില്‍ സഹപാഠികളില്‍ ചിലരുടെ കണ്ണുനിറഞ്ഞു, ചേര്‍ത്തുപിടിച്ച് അടുത്തിരുന്നു. ഒപ്പം പഴയ അധ്യാപകരും. ക്ലാസ്മുറിയിലെ മുന്‍നിരയില്‍ യൂസഫലിയുടെ കൂട്ടുകാരുടെയും ലില്ലി ടീച്ചറുമുണ്ടായിരുന്നു. പ്രിയപ്പെട്ട അധ്യാപികയ്‌ക്കൊപ്പം സ്‌നേഹനിമിഷങ്ങള്‍. ടീച്ചറുടെ നെറുകയില്‍ ഒരുമ്മ. കേക്ക് മുറിച്ച് വായില്‍ വച്ചുകൊടുത്തതും എം എ യൂസഫലി തന്നെ.മുന്‍ബെഞ്ചിലിരുന്ന യൂസഫലിക്ക് സഹപാഠി ഗിരിജ സ്‌നേഹസമ്മാനമായി വീട്ടില്‍ നിന്നുണ്ടാക്കിയ അട കൊണ്ടുവന്നിരുന്നു, ഏറെ സന്തോഷത്തോടെ മറ്റുള്ളവര്‍ക്കൊപ്പം യൂസഫലി അട കഴിച്ചു. ഒരട വീട്ടിലേക്കായി യൂസഫ് അലി കൈയ്യിലുമെടുത്തു.
തൃശൂര്‍ കാട്ടൂര്‍ കാരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് എംഎ യൂസഫലി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ വിവരം അറിഞ്ഞയുടന്‍ എല്ലാ തിരക്കുകളും മാറ്റിവച്ചാണ് എം.എ യൂസഫലി സൗഹൃദസംഗമത്തിന് എത്തിയത്. വാര്‍ദ്ധക്യസംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന കൊച്ചുമേരി ടീച്ചര്‍ക്ക് കാലിന് പ്രശ്‌നമുള്ളതിനാല്‍ വേദിയിലേക്ക് കയറാന്‍ കഴിയാതെ സദസില്‍ തന്നെയാണ് ഇരുന്നത്. ടീച്ചറേ നിങ്ങളുടെ പഴയ യൂസഫ് അലിയാണെന്ന് പറഞ്ഞ് കൊച്ചുമേരിക്കടുത്തേക്ക് യൂസഫലി എത്തി. കൈകള്‍ ചേര്‍ത്തുപിടിച്ച് അനുഗ്രഹം വാങ്ങി.
തൃപയാറില്‍ നിന്ന് ബസ് കയറിയും നടന്നും കരാഞ്ചിറ സ്‌കൂളിലേക്ക് എത്തിയിരുന്ന കാലം എം.എ യൂസഫലി ഓര്‍മ്മിച്ചെടുത്തു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളാണ് ബിസിനസ് ജീവിതത്തില്‍ തനിക്ക് സഹനശക്തിയും കരുത്തും നല്‍കുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. ലോകത്ത് എവിടെ പോയാലും കേരളത്തെയും കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ പ്രസ്‌കതിയുമാണ് താന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുള്ളതെന്നും യൂസഫലി. ഇതിനിടെ ബിസിനസ് മീറ്റിങ്ങിന്റെ അറിയിപ്പ് വന്നെങ്കിലും കുറച്ചുനേരം കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കട്ടെ എന്നായി യൂസഫലിയുടെ മറുപടി.
തന്റെ സ്വകാര്യ ജെറ്റില്‍, കൂട്ടായ്മയില്‍ പങ്കെടുക്കാനായുള്ള യാത്രയ്ക്കിടെ ഹൈസ്‌കൂള്‍ ഓര്‍മ്മകള്‍ തങ്ങുന്ന ഓട്ടോഗ്രാഫ് വായിച്ചാണ് എത്തിയത്. ഓട്ടോഗ്രാഫിലെ വരികള്‍ സഹപാഠികളുടെ പേരെടുത്ത് പറഞ്ഞ് യൂസഫലി ഓര്‍മ്മിച്ചു. പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ യൂസഫലിയുടെ സഹപാഠിയും വിദേശ സര്‍വ്വകാശാലയിലെ അധ്യാപകനുമായിരുന്ന എ.ടി മാത്യുവാണ് അധ്യക്ഷ പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെ എം.എ യൂസഫലിയെ യൂസഫലി സര്‍ എന്നാണ് മാത്യു വിശേഷിപ്പിച്ചതോടെ, ഒപ്പം പഠിച്ചയാളെ എന്തിനാണ് സര്‍ എന്ന് വിളിക്കുന്നതെന്ന് ചോദിച്ച് യൂസഫലി തിരുത്തി. വേദിയില്‍ ചിരിപടര്‍ന്നു.
ഉയരങ്ങള്‍ കീഴടക്കുമ്പോഴും പിന്നിട്ട കാലം മറക്കാത്ത, കാരുണ്യത്തിന്റെ മുഖമാണ് എം.എ യൂസഫലിയെന്ന് അധ്യാപകര്‍ പറഞ്ഞു. പഠനകാലയളവില്‍ സ്‌കൂള്‍ ലീഡറായിരുന്നു എം.എ യൂസഫലി. അന്നത്തെ മിടുക്കനായ വിദ്യാര്‍ത്ഥിയെ തോമസ് മാഷ് ഓര്‍ത്തെടുത്തു. പ്രിയപ്പെട്ടവരെ വീണ്ടും കണ്ടതിനൊപ്പം പഠിച്ച സ്‌കൂളിന്റെ വികസനത്തിനായി 50 ലക്ഷം രൂപയും എം.എ യൂസഫലി പ്രഖ്യാപിച്ചു.
Story Highlights: yusuff ali school reunion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here