ഡ്യുറൻഡ് കപ്പ്: ഏഴ് ഗോൾ പിറന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം
ഡ്യുറൻഡ് കപ്പിലെ കേരള ഡെർബിയിൽ ഗോകുലം കേരളയ്ക്ക് വിജയത്തുടക്കം. കേരള ബ്ലാസ്റ്റേഴ്സിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം വീഴ്ത്തിയത്. ഗോകുലത്തിനായി അമിനോ ബൗബ, ശ്രീക്കുട്ടൻ, അഭിജിത്, അലെക്സ് സാഞ്ചസ് എന്നിവർ സ്കോർ ചെയ്തപ്പോൾ ഇമ്മാനുവൽ ജസ്റ്റിൻ, പ്രബീർ ദാസ്, അഡ്രിയാൻ ലൂണ എന്നിവർ ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചു. 1-4 എന്ന നിലയിൽ പിന്നിട്ടുനിന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നത്.
കളിയുടെ 17ആം മിനിട്ടിൽ തന്നെ ഗോകുലം മുന്നിലെത്തി. നിലി പെദ്രോമോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ബൗമ വല കുലുക്കി. തിരിച്ചടിക്കാൻ ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്സ് 35ആം മിനിട്ടിൽ ജസ്റ്റിനിലൂടെ സമനില പിടിച്ചു. വീണ്ടും ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്സിന് ഫൈനൽ തേർഡിലെ മോശം പ്രകടനമാണ് വിനയായത്. 43ആം മിനിട്ടിൽ ശ്രീക്കുട്ടനിലൂടെ ഗോകുലം വെണ്ടും ലീഡെടുത്തു. സാഞ്ചസിൻ്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ശ്രീകുട്ടന്റെ ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അലക്സ് സാഞ്ചസ് ഗോകുലത്തിൻ്റെ ലീഡ് ഉയർത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ, അഭിജിത്തിൻ്റെ ഒരു ലോംഗ് റേഞ്ചറിലൂടെ ഗോകുലം ലീഡ് മൂന്നായി ഉയർത്തി. ആക്രമണം കൂടുതൽ ശക്തമാക്കിയ ബ്ലാസ്റ്റേഴ്സിനായി 54ആം മിനിട്ടിൽ പ്രബീർ ദാസ് ഒരു ഗോൾ മടക്കി. കളിയുടെ അവസാന മിനിട്ടുകളിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമണത്തിലേക്ക് തിരിഞ്ഞു. 77ആം മിനിട്ടിൽ അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. ഇതിനിടെ ചില അവിശ്വസനീയ മിസുകളും ഗോകുലത്തിൻ്റെ ഫലപ്രദമായ പ്രതിരോധവും ബ്ലാസ്റ്റേഴ്സിന് സമനില നിഷേധിക്കുകയായിരുന്നു.
Story Highlights: durand cup gokulam kerala won kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here