Advertisement

ജോർജ് കുര്യൻ മത്സരിക്കാനില്ല; ലിജിൻ ലാൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന

August 13, 2023
Google News 1 minute Read
Lijin Lal BJP candidate in Puthuppally?

ലിജിൻ ലാൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന. പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകുമെന്നാണ് വിവരം. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിൻ. ബിജെപി നേതാവ് ജോർജ് കുര്യൻ മത്സരിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിന്റെ പേര് പരി​ഗണനയിൽ വന്നത്.

അതേസമയം, പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് മന്ത്രി വിഎൻ വാസവനൊപ്പം എൻഎസ്എസ് ആസ്ഥാനത്തും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇടതു ക്യാമ്പ്. പരമാവധി ആളുകളെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ജെയ്ക് സി തോമസ്.

എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് എത്തി കാത്തോലിക്ക ബാവയെയുമാണ് ജെയ്ക് സി തോമസ് കണ്ടത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തി. മന്ത്രി വി എൻ വാസവന് ഒപ്പമായിരുന്നു സന്ദർശനം.

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനാണ് എൽഡിഎഫിന്റെ ശ്രമം. പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണ്ഡലത്തിൽ നടത്തിയ റോഡ് ഷോ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു.
പുതുപ്പള്ളിയിൽ സഹതാപ തരംഗമല്ല രാഷ്ട്രീയ പോരാട്ടം ആണ് നടക്കുന്നതെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പിൽ മണ്ഡലപര്യടനത്തിലാണ് ഇടത്-വലത് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറിൽ വമ്പൻ റോഡ് ഷോ സംഘടിപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തിൽ നിറസാന്നിധ്യമായത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി.

ഉമ്മൻചാണ്ടിയുടെ 40-ാം ചരമദിനത്തിന് ശേഷമേ യുഡിഎഫ് വിപുലമായ മണ്ഡലപര്യടനത്തിലേക്കും പ്രചരണത്തിലേക്കും കടക്കുകയുള്ളു. നിലവിൽ വോട്ടർമാരെ നേരിൽ കാണുന്നുണ്ടെങ്കിലും കൊട്ടിഘോഷിച്ചുള്ള പര്യടനമില്ല. മറ്റന്നാൾ കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മണ്ഡലത്തിലെത്തും.

അതിനിടെ പുതുപ്പള്ളിയിൽ വികസനം നടപ്പാക്കിയില്ലെന്ന എൽഡിഎഫ് നേതാക്കളുടെ ആരോപണത്തിനെതിരെ ചാണ്ടി ഉമ്മൻ രംഗത്ത് എത്തി. പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയർന്നു വന്നതല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇരുട്ട് കൊണ്ട് ഓട്ട അടക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.

Story Highlights: Lijin Lal BJP candidate in Puthuppally?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here