അതിഥി പോർട്ടൽ രജിസ്ട്രേഷൻ കാൽ ലക്ഷം കടന്നു

സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അതിഥി പോർട്ടൽ രജിസ്ട്രേഷൻ 25,000 കവിഞ്ഞു. തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന തരത്തിലാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ രജിസ്ട്രേഷൻ ഊർജിതമാക്കുമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. ആപ്പ് പുറത്തിറക്കുന്നതോടെ ഫെസിലിറ്റേഷൻ സെന്ററുകൾ, ലേബർ ക്യാമ്പുകൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ എന്നിവയ്ക്ക് പുറമെ തൊഴിലാളികളിലേക്ക് നേരിട്ട് എത്തുന്ന തരത്തിൽ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമിടും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതോടൊപ്പം സന്നദ്ധ പ്രവർത്തകരുടെ സഹായവും തേടുമെന്ന് കമ്മീഷണർ അറിയിച്ചു.
അതിഥി തൊഴിലാളികൾക്ക് പുറമേ, കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. നിർദ്ദേശങ്ങൾ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. വ്യക്തി വിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.
Story Highlights: Guest portal registrations have crossed a quarter lakh mark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here