Advertisement

‘കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്, അതിനെയാണല്ലോ അവർ ചൂഷണം ചെയ്തത് എന്നതിൽ വിഷമം തോന്നി’; മഹാരാജാസ് കോളജിൽ അപമാനിക്കപ്പെട്ട അധ്യാപകൻ 24നോട്

August 15, 2023
Google News 2 minutes Read
maharajas teacher visually impaired

കാഴ്ചശക്തിയില്ല എന്ന തൻ്റെ പരിമിതിയെയാണ് കുട്ടികൾ ചൂഷണം ചെയ്തത് എന്നതിൽ വിഷമമുണ്ടെന്ന് മഹാരാജാസ് കോളജിൽ അപമാനിക്കപ്പെട്ട കാഴ്ചപരിമിതിയുള്ള അധ്യാപകൻ ഡോ. സിയു പ്രിയേഷ്. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ് എന്നും അദ്ദേഹം 24നോട് പറഞ്ഞു. (maharajas teacher visually impaired)

“ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ ക്ലാസ്സില് ഞാൻ ക്ലാസെടുക്കുന്നതാണ് കാണിക്കുന്നത്. ആ വീഡിയോയുടെ താഴെ ആക്ഷേപിക്കുന്ന തരത്തിൽ ധാരാളം കമൻ്റ്സ് ഒക്കെ വന്നിരുന്നു. അപ്പൊ അത് എനിക്ക് തീർച്ചയായിട്ടും വിഷമമുണ്ടാക്കി. കാരണം എനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടാണല്ലോ ക്ലാസ്സിൽ ഇങ്ങനെയൊക്കെ സംഭവിച്ചത്. നമ്മുടെ ഒരു പരിമിതിയെ ആണല്ലോ അവര് ചൂഷണം ചെയ്തത് എന്നുള്ള ഒരു തോന്നലുണ്ടായി. എനിക്ക് തോന്നുന്നു, പരിമിതിയുള്ള ഒരാൾക്ക് അത് കൃത്യമായിട്ട് മനസ്സിലാകും. കാരണം ഇതൊക്കെ നമ്മള് ഇഷ്ടം പോലെ അനുഭവിച്ചിട്ടാണ് നമ്മളിപ്പോ പഠിപ്പിക്കാൻ പോകുന്നതൊക്കെ.”- അദ്ദേഹം പറഞ്ഞു.

Read Also: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച് വിഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലിട്ടു; കെഎസ്‌യു നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

കമ്പ്യൂട്ടറിൽ ഒരു രണ്ടു മണിക്കൂർ വായിച്ചിട്ടാണ് ഒരു മണിക്കൂർ ക്ലാസ് എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നമ്മൾ അത്രയും എഫർട്ട് എടുത്ത് ക്ലാസ് എടുക്കുമ്പോൾ ക്ലാസ്സിനെ അവമതിക്കുന്ന രീതിയിൽ കുട്ടികൾ പെരുമാറിയപ്പോൾ സ്വാഭാവികമായിട്ടും വേദനയുണ്ടായി. ഞാനൊരു വ്യക്തി മാത്രമല്ലല്ലോ. ഞാനൊരു സാമൂഹ്യജീവി കൂടിയല്ലേ? നമുക്ക് കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. ഞാനും നമ്മുടെ ഡിപ്പാർട്ട്മെൻ്റും പ്രിൻസിപ്പലിന്റെ അടുത്ത് പരാതിനൽകിയിരുന്നു.

തത്കാലം അവരെ സസ്പൻഡ് ചെയ്തിരിക്കുകയാണ്. കോളജ് ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. എന്റെ ഒരു നിലപാട് കോളേജിന്റെ ഉള്ളിൽ തന്നെ ഇത് പരിഹരിക്കണമെന്നാണ്. ഈ കുട്ടികൾക്ക് അവരുടെ തെറ്റ് മനസ്സിലാക്കുക എന്നുള്ളതാണ്. കുട്ടികളെ തിരുത്തി കൂടുതൽ നല്ല പൗരന്മാർ ആക്കുക എന്നുള്ളതാണല്ലോ നമ്മുടെ ഉത്തരവാദിത്തം.

ഇതില് ഏതൊക്കെ കുട്ടികളാണ് ഉൾപ്പെട്ടതെന്ന് അറിയില്ല. ഈ കുട്ടി തന്നെ ഉണ്ട് എന്ന് അറിയുന്നത് ഈ കുട്ടിയുടെ പേര് ടീച്ചേഴ്സ് എഴുതി കൊടുക്കുമ്പോഴാണ്. അല്ലാതെ ഞാൻ ഒരിക്കലും കുട്ടികളെ അവരുടെ മതത്തിൻറെയോ പ്രത്യയശാസ്ത്രത്തിൻറെയോ പേരില് വേർതിരിച്ച് കാണില്ല. അയാളുടെ രാഷ്ട്രീയം ഒരിക്കലും നമുക്കൊരു പ്രശ്നമേയല്ല.

നമ്മുടെ ഉദ്ദേശം തിരുത്തുക എന്നുള്ളതാണ്. ഇത് ഇനിയും മറ്റുള്ള ആളുകൾക്ക് ഇതൊരു പാഠമായിരിക്കണം. കാരണം ഇവര് വേദനിപ്പിക്കുന്നത് പ്രിയേഷ് എന്ന് പറയുന്ന ഒരു വ്യക്തിയെയല്ല. മറിച്ച് കാഴ്ചപരിമിതരായ ഒരു സമൂഹത്തെയാണ്. നമ്മുടെ ജീവിതാനുഭവങ്ങളാണ് നമ്മള് ഇവിടം വരെ എത്തിച്ചിരിക്കുന്നത്. അത് ഈ കുട്ടികൾ തിരിച്ചറിയണം. അത്രയേ ഉള്ളൂ എനിക്ക്.

Story Highlights: maharajas teacher visually impaired interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here