‘ഒരു ടൈം മെഷീൻ കിട്ടിയിരുന്നെങ്കിൽ’; ഖുഷി മ്യൂസിക്കൽ കൺസേർട്ടിൽ വാചാലയായി സാമന്ത

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ എന്ന ചിത്രത്തിന്റെ വമ്പൻ മ്യൂസിക്കൽ കൺസേർട്ട് ചൊവ്വാഴ്ച വൈകീട്ട് ഹൈദരാബാദിൽ അരങ്ങേറി. സംഗീതപ്രേമികളെ വിസ്മയിപ്പിക്കും വിധത്തിലുള്ള കൺസേർട്ടിൽ ഗായകരായ ജാവേദ് അലി, സിഡ് ശ്രീറാം, മഞ്ജുഷ, ചിന്മയി, സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് എന്നിവർ ‘ഖുഷി’യിലെ മനോഹരമായ ഗാനങ്ങളാലപിച്ച് ശ്രോതാക്കളുടെ മനസ്സു നിറച്ചു. ഇതോടൊപ്പം സ്റ്റേജിൽ വിജയ് ദേവരകൊണ്ടയുടെയും സാമന്തയുടെയും പെർഫോമൻസ് കൂടി ആയപ്പോൾ ‘ഖുഷി’യിലെ ടൈറ്റിൽ സോങ്ങിന് പ്രേക്ഷകർ നിറഞ്ഞ കൈയടി നൽകി. മ്യൂസിക്കൽ കൺസേർട്ടിൽ വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട, ഛായാഗ്രാഹകൻ ജി. മുരളി, മൈത്രി മൂവി മേക്കേഴ്‌സ് സിഇഒ ചെറി, സരിഗമ മ്യൂസിക് ലേബൽ പ്രതിനിധിയായ വിക്രം മെഹ്‌റ, നിർമ്മാതാക്കളായ നവീൻ യെർനേനി, വൈ രവിശങ്കർ, സംവിധായകൻ ശിവ നിർവാണ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച് ശിവ നിർവാണ സംവിധാനം ചെയ്യുന്ന ‘ഖുഷി’ സെപ്തംബർ 1-നാണ് പാൻ ഇന്ത്യൻ റിലീസായി തീയറ്ററുകളിൽ എത്തുക. ( Samantha Cute Speech at Kushi musical PROGRAMME ).
നായികയായ സാമന്തയുടെ വാക്കുകൾ: ഷൂട്ടിംഗ് സമയത്ത് കേൾക്കുമ്പോഴാണ് കേട്ടാണ് ‘ഖുഷി’യിലെ ഗാനങ്ങളോട് ഏറെ ഇഷ്ടം തോന്നിയത്. ഇപ്പോൾ ഈ വേദിയിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ, സമയം മുന്നോട്ടുനീക്കി എത്രയും പെട്ടെന്ന് സെപ്തംബർ 1-ന് നിങ്ങൾക്കൊപ്പം സിനിമ കാണാൻ ഞാൻ ആഗ്രഹിച്ചുപോവുകയാണ്. നിങ്ങൾക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു ചിത്രം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള ഒരു ശ്രമമാണ് ഈചിത്രം. മൈത്രി മൂവി മേക്കേഴ്സ് എന്റെ പ്രിയപ്പെട്ട നിർമ്മാണ കമ്പനിയാണ്. ഏറെ പ്രിയപ്പെട്ട വ്യക്തികളും. കഴിഞ്ഞ ഒരു വർഷമായി അവരെനിക്ക് നൽകിയ പിന്തുണ മറക്കാനാവാത്തതാണ്. എന്റെ കരിയറിലെ അവിസ്മരണീയമായ ചലച്ചിത്രാനുഭവമാണ് ‘ഖുഷി’. ഇതിലഭിനയിക്കാൻ അവസരം നൽകിയ സംവിധായകൻ ശിവയ്ക്ക് നന്ദി.ഹിഷാം, തെലുങ്ക് പ്രേക്ഷകർ നിങ്ങളെ എത്ര ഇഷ്ടപ്പെടുന്നെന്ന് ‘ഖുഷി’യിലെ ഗാനങ്ങളോടെ നിങ്ങൾക്ക് മനസ്സിലാവും. ‘ഖുഷി’യിൽ സീനിയറായ ധാരാളം അഭിനേതാക്കളുണ്ട്. അവരുടെ പ്രകടനങ്ങൾ സിനിമയെ കൂടുതൽ ശക്തമാക്കുന്നുണ്ട്. നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്താൽ ഞാൻ പൂർവാധികം ആരോഗ്യത്തോടെ മടങ്ങിവരും. പോരാതെ, ഉറപ്പിച്ചോളൂ, ‘ഖുഷി’ ബ്ലോക്ക്ബസ്റ്റർ!
പരിപാടിയെക്കുറിച്ച് മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകൻ ഹിഷാം പറഞ്ഞത് ഇങ്ങനെയാണ്: ഈ മ്യൂസിക്കൽ കൺസേർട്ട് അവതരിപ്പിക്കാൻ പിന്തുണച്ച എല്ലാ ഗായകർക്കും നന്ദി. അതുപോലെത്തന്നെ, ഈ ചിത്രത്തിന് മനോഹരമായ സംഗീതമൊരുക്കാനായി നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിൽ നിന്ന് ലഭിച്ച പിന്തുണ മറക്കാനാവാത്തതാണ്. ഈ ചിത്രത്തിലെ പാട്ടുകൾ ഒരുക്കാൻ പതിനഞ്ചുദിവസമാണ് വേണ്ടിവന്നത്, ഞാനും സംവിധായകൻ ശിവയും പുറത്തിറങ്ങാതെ ഹോട്ടൽ മുറിയിൽത്തന്നെ അടച്ചിരുന്നാണ് പാട്ടുകൾ ഒരുക്കിയത്. എന്റെ സ്നേഹം നിറഞ്ഞ ഭാര്യയായ ഐഷയാണ് ‘ഖുഷി’യിലെ പ്രണയം നിറഞ്ഞ ഗാനങ്ങൾ ഒരുക്കാൻ എനിക്ക് പ്രചോദനമായത്. എന്റെ കുടുംബാംഗങ്ങളെല്ലാം ഈ കൺസേർട്ടിന് വന്നിരുന്നു. നമുക്ക് ഒത്തുചേർന്ന് സെപ്തംബർ ഒന്നിന് തീയേറ്ററുകളിൽ പ്രണയവും സംഗീതവും ആഘോഷിക്കാം.
‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ‘ഖുഷി’യുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ എലമഞ്ചിലി എന്നിവരാണ് നിർമ്മാണം. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.
ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ.
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയിൻ, കോ റൈറ്റർ: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിർവാണ, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂർണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആർ.ഒ: ജിഎസ്കെ മീഡിയ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Story Highlights: Samantha Cute Speech at Kushi musical PROGRAMME
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here