Advertisement

തിരക്കിൽ നിന്ന് മാറി ഹിമാലയത്തിൽ സന്ദർശനം നടത്തി സൂപ്പർസ്റ്റാർ; ആരാണ് രജനികാന്തിന്റെ ആത്മീയ ഗുരു ‘മഹാവതാർ ബാബാജി’

August 18, 2023
Google News 2 minutes Read

ഇന്ത്യൻ സിനിമയിൽ എക്കാലത്തെയും സ്റ്റൈൽ മന്നൻ തന്നെയാണ് രജനികാന്ത്. അടുത്തിടെ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി അദ്ദേഹം ബോക്സോഫിസ് കീഴടക്കി. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 300 കോടി ക്ലബിലേക്ക് ജയിലര്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നേട്ടത്തിലേക്ക് എത്തുന്ന രജനികാന്തിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്. ഈ നേട്ടം ആരാധകരും ആഘോഷമാക്കുകയാണ്. എന്നാൽ ഈ ആഘോഷത്തിരക്കിൽ നിന്ന് രജനികാന്ത് തന്റെ ആശ്വാസ സ്ഥലമായ ഹിമാലയത്തിൽ സന്ദർശനം നടത്തിയതയാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോയും ട്വിറ്റരിൽ പ്രചരിക്കുന്നുണ്ട്. മെഗാസ്റ്റാർ ആത്മീയതയുടെ പാത സ്വീകരിച്ചിട്ട് 24 വർഷമായി. ആ പാതയിൽ തന്നെ സ്വയം കണ്ടെത്തിയെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

1999-ൽ പടയപ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം, തന്റെ സിനിമകളുടെ റിലീസിന് ഹിമാലയത്തിൽ രജനികാന്ത് പതിവായി എത്താറുണ്ട്. എന്നാൽ ആരാണ് അദ്ദേഹത്തെ ഈ പാതയിൽ നയിക്കുന്നത്? ആരാണ് ആത്മീയ പാതയിൽ അദ്ദേഹത്തിന്റെ ഗുരുവായ ‘മഹാവതാർ ബാബാജി’. ഇതിനുള്ള ഉത്തരം തിരയുകയാണ് സോഷ്യൽ മീഡിയ. 1978ൽ ‘ഒരു യോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലൂടെയാണ് രജനികാന്ത് ആദ്യമായി മഹാവതാർ ബാബാജിയെ പരിചയപ്പെടുന്നത്

പരമഹംസ യോഗാനന്ദയുടെ ഗുരു ലാഹിരി മഹാസ്യയുടെ ഗുരുവാണെന്ന് പറയപ്പെടുന്ന മഹാവതാർ ബാബാജിയുടെ ഭക്തനാണ് രജനീകാന്ത്. എന്നാൽ മഹാവതാർ ബാബാജിയെക്കുറിച്ച് ചരിത്രപരമായ ഒരു രേഖയും ലഭ്യമല്ല. അദ്ദേഹത്തെ കുറിച്ചറിയുന്നതെല്ലാം, ഏതാണ്ട് നാല് ഡസനിലധികം ഭാഷകളിലായി ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ലോകമെമ്പാടും ബെസ്റ്റ് സെല്ലറായ പരമഹംസ യോഗാനന്ദയുടെ ‘ഒരു യോഗിയുടെ ആത്മകഥ’ എന്ന പുസ്തകവും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നുമാണ്.

യോഗിയുടെ ആത്മകഥയിൽ പറയുന്നത് പോലെ സഹസ്രാബ്ദത്തെപ്പോലെ യൗവനരൂപം കാത്തുസൂക്ഷിച്ച മഹാവതാർ ബാബാജി ‘മരണരഹിതനായ’ ഗുരുവാണെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിശുദ്ധ സാന്നിധ്യവും യോഗയുടെ ശക്തിയും ഹിമാലയത്തിൽ ഇപ്പോഴും നിറസാന്നിധ്യമെന്നാണ് പറയുന്നത്.

മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചാൽ, രണ്ടാം നൂറ്റാണ്ടിൽ ജനിച്ച ബാബാജി, അടിസ്ഥാനപരമായി തമിഴ്നാട്ടിലെ കടലൂരിൽ നിന്നുള്ളയാളാണെന്നും, പിന്നീടുള്ള വർഷങ്ങളിൽ ഋഷികേശിലേക്ക് താമസം മാറിയെന്നും പറയപ്പെടുന്നു. 1861-65 കാലഘട്ടത്തിലാണ് അദ്ദേഹത്തെ അവസാനമായി ഹിമാലയത്തിൽ കണ്ടതെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്.

കുമയോൺ അൽമോറ ജില്ലയിലെ ദുനഗിരിയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ അകലെയുള്ള ഒരു ഗുഹയിലാണ് ബാബാജി താമസിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. പത്ത് വർഷത്തിലേറെയായി ഈ സ്ഥലത്തേക്ക് രജനികാന്ത് തീർത്ഥാടനം നടത്തുന്നു. മഹാവതാർ ബാബാജിയുടെയും ഈ ഗുഹയുടെയും ഫോട്ടോ ‘ഒരു യോഗിയുടെ ആത്മകഥ’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഒരു സുഹൃത്തിൽ നിന്നാണ് ആദ്യമായിട്ട് അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത് എന്നും പിന്നീട് ഒരു യോഗിയുടെ ആത്മകഥയിലൂടെയാണ് മഹാവതാർ ബാബാജിയെക്കുറിച്ച് താൻ കൂടുതൽ അറിയുന്നതെന്നും രജനീകാന്ത് അവകാശപ്പെടുന്നു. 1978 ലാണ് അദ്ദേഹത്തിന് പുസ്തകം ആദ്യമായി പരിചയപ്പെട്ടത് എങ്കിലും, അദ്ദേഹത്തിന്റെ പടയപ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം 1999 ലാണ് ഈ പുസ്തകം വായിക്കുന്നത്. അതിനുകാരണം തന്റെ മോശം ഇംഗ്ലീഷാണ് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ക്രിയ യോഗയുടെ സ്ഥാപകനാണ് മഹാവതാർ ബാബാജി. പുസ്തകം വായിച്ച് മഹാവതാർ ബാബാജിയുടെ തീവ്ര അനുയായിയായി മാറിയ രജനികാന്ത് ക്രിയാ യോഗയിലേക്ക് തിരിയുകയും തന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് ഈ പരിശീലനത്തിന് ക്രെഡിറ്റ് നൽകുകയും ചെയ്തിട്ടുണ്ട്.

ബാബയ്ക്ക് കൂടുതൽ സ്വീകാര്യത നൽകുന്നതിനായി, അദ്ദേഹം 2002-ൽ ബാബ എന്ന സിനിമ നിർമ്മിക്കുകയും അത് ബാബയെ കൂടുതൽ ജനപ്രിയമാക്കുകയും ചെയ്തു. ഇപ്പോൾ രജനികാന്ത് പതിവായി മഹാവതാർ ബാബാജി ഗുഹ സന്ദർശിക്കുന്നു. കഴിഞ്ഞ വർഷം, വൈഎസ്‌എസ്‌ഐയുടെ 100 വർഷം പൂർത്തിയാകുന്ന വേളയിൽ, തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ഗുഹയ്ക്കടുത്തായി അദ്ദേഹമൊരു ഒരു ധ്യാനകേന്ദ്രവും നിർമ്മിച്ച് നൽകി.

Story highlights – who-is-rajinikanths-spiritual-guru-mahavatar-babaji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here