ഡ്രീംവെസ്റ്റര്‍ ഇന്നൊവേറ്റീവ് ഐഡിയ കോണ്ടസ്റ്റ്: ക്വീന്‍സ് ഇന്‍സ്റ്റക്ക് പുരസ്‌കാരം

നൂതന ബിസിനസ് ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ വിജയിയായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍സ് ഇന്‍സ്റ്റ. കഴിഞ്ഞ ദിവസം കൊച്ചി താജ് ഗേറ്റ് വേയില്‍ നടന്ന ചടങ്ങില്‍ നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍സ് ഇന്‍സ്റ്റ ഒരു മിനിറ്റ് കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഇന്‍സ്റ്റന്റ് ഓംലെറ്റ് എന്ന ആശയമാണ് ബിസിനസാക്കി മാറ്റിയത്. സ്ഥാപനത്തിന്റെ സാരഥിയായ പി അര്‍ജുന്‍ മന്ത്രിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. റോബോട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സ്റ്റെമ്പ്യു ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പുതുതലമുറ റോബോട്ടുകള്‍ നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണിത്. സ്ഥാപന ഉടമയായ കെ.ജി ഹരീഷ് സമ്മാനം ഏറ്റുവാങ്ങി. ഇ – ലേണിംഗ് പ്ലാറ്റ്‌ഫോമായ ടൂട്ടറിനാണ് ഡ്രീം വെസ്റ്ററില്‍ മൂന്നാം സ്ഥാനം ലഭിച്ചത്. സ്ഥാപനത്തിന്റെ ചീഫ് ടെക്‌നിക്കില്‍ ഓഫീസര്‍ ശ്യാം പ്രദീപിന് മന്ത്രി പി രാജീവ് പുരസ്‌കാരം സമ്മാനിച്ചു.
ഒന്നാം സമ്മാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയും ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.ഒരു ലക്ഷം രൂപ വീതവും 11 മുതല്‍ 19 വരെ സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും സമ്മാനിച്ചു. എല്ലാ ഫൈനലിസ്റ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തിരുന്നു.
ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കേരള സ്റ്റേറ്റ് സ്മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ജെ ജോസ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി മുന്‍ ചെയര്‍മാന്‍ ഡോ. ജീമോന്‍ കോര, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ബിബു ബിബു പുന്നൂരാന്‍, ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Story Highlights: Queen’s Insta get award in Dreamvester Innovative Idea Contest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here