Advertisement

“നേരിട്ട അവഹേളനങ്ങൾക്കുള്ള ഉത്തരം”; വള വിൽപനക്കാരുടെ മകനിൽ നിന്ന് സിആർപിഎഫ് ചീഫ് ഇൻസ്പെക്ടറിലേക്ക്…

August 21, 2023
Google News 2 minutes Read

ചിലരെങ്കിലും നമുക്ക് പ്രചോദനവും പ്രതീക്ഷയുമാകാറുണ്ട്. പ്രതിസന്ധികളിൽ തകരാതെ സ്വപ്‌നങ്ങൾ മുറുകെ പിടിക്കാൻ ഇവരുടെ ജീവിതം നമുക്ക് പ്രചോദനമാകും. രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കിയ ചെറുപ്പക്കാരന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പ്രതികൂല സാഹചര്യങ്ങളിലും എല്ലാ പ്രതിസന്ധികളിലും വിജയിച്ച്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) ചീഫ് ഇൻസ്‌പെക്ടർ സ്ഥാനത്തേക്ക് എത്തിയിരിയ്ക്കുകയാണ് രാഹുൽ ഗവാരിയ എന്ന ചെറുപ്പക്കാരൻ. വളകൾ വിൽക്കുന്ന ദമ്പതികളുടെ മകനാണ് രാഹുൽ.

ഒരു പ്രതിസന്ധികൾക്കും രാഹുലിന്റെ സ്വപ്നങ്ങൾക്ക് തടസം നില്ക്കാൻ കഴിഞ്ഞില്ല. വഴിയോര വള വിൽപനക്കാരന്റെ മകനായ രാഹുൽ ജീവിതത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിട്ടിട്ടും സർക്കാർ ജോലി നേടിയതോടെ പലർക്കും പ്രചോദനമായി. തന്റെ ആദ്യ ശ്രമത്തിൽ തന്നെ ദേശീയതലത്തിൽ നടത്തുന്ന സെൻട്രൽ എംപ്ലോയീസ് ഓർഗനൈസേഷൻ ബോർഡിന്റെ പരീക്ഷയിൽ വിജയം നേടി.

ഇത്രയും ഉയരങ്ങളിൽ എത്തിയ മകന്റെ നേട്ടത്തിൽ മാതാപിതാക്കളും വളരെയധികം സന്തോഷത്തിലാണ്. മകൻ പലർക്കും പ്രചോദനമാകുമെന്നും അവന്റെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. തന്റെ വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെ മനക്കരുത്തും അർപ്പണബോധവുമാണ്. വളകൾ വിറ്റ് കൂലിപ്പണി ചെയ്താണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്. സമൂഹത്തിലെ ആളുകൾ അവരെ പരിഹസിച്ചു കൊണ്ടേയിരുന്നു. പക്ഷേ അവർ ഒരിക്കലും ഇത് ഹൃദയത്തിൽ എടുക്കുകയും എന്നെ പഠനത്തിൽ നിന്ന് തടയുകയോ ചെയ്തിട്ടില്ല എന്നും രാഹുൽ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

ബാർമറിലെ കോളേജിൽ പഠിക്കുമ്പോൾ, രാഹുൽ നാഷണൽ കേഡറ്റ് കോർപ്‌സിൽ (എൻസിസി) ചേരുകയും 2019 ലെ റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഇത് ഇന്ത്യൻ സായുധ സേനയിൽ ചേരാനുള്ള തീവ്രമായ ആഗ്രഹത്തിന് വഴിവെച്ചു. മകനെ പഠിപ്പിക്കുന്നതിന്റെ പേരിൽ സാമൂഹികമായ നിരവധി അവഹേളനങ്ങൾ നേരിട്ടെന്ന് അമ്മ കമല ദേവി പറയുന്നു. എന്നാൽ, ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ല എന്നും മകന്റെ ഈ നേട്ടം ഏറെ സന്തോഷം നൽകുന്നുവെന്നും ‘അമ്മ പറയുന്നു.

ജോധ്പൂർ ഡിവിഷനിൽ സിആർപിഎഫ് ചീഫ് ഇൻസ്‌പെക്ടർ സ്ഥാനം നേടിയ ഏക വ്യക്തിയാണ് രാഹുൽ. രാജ്യത്തെമ്പാടുമുള്ള 7 ലക്ഷം യുവാക്കൾ സെൻട്രൽ എംപ്ലോയീസ് ഓർഗനൈസേഷൻ ബോർഡ് പരീക്ഷ എഴുതി. പ്രാരംഭ ഘട്ടത്തിൽ 68,000 പേർ മാത്രമാണ് വിജയിച്ചത്. ഇവരിൽ നിന്ന് 15,000 പേരെ മെയിൻ പരീക്ഷയ്ക്കും 12,000 പേരെ മെഡിക്കൽ ചെക്കപ്പിനും തിരഞ്ഞെടുത്തു. രാഹുലടക്കം 4300 സ്ഥാനാർത്ഥികൾ മാത്രമാണ് അവസാന ഘട്ടത്തിൽ എത്തിയത്. ഈ നേട്ടം രാഹുലിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും മാത്രമല്ല, അനേകം പേർക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്നു.

Story highlights – From bangle sellers’ son to CRPF Chief Inspector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here