ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു

ഏറ്റവും പ്രായം കൂടിയ ഏഷ്യൻ നാട്ടാന ചരിഞ്ഞു. ആസാമിലെ തേയിലത്തോട്ടങ്ങളിൽ തലയെടുപ്പോടെ വസിച്ചിരുന്ന ബിജുലി പ്രസാദ് (Bijuli Prasad) ആണ് ചരിഞ്ഞത്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ച ആനയ്ക്ക് 89 വയസിലേറെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ആന ചരിഞ്ഞത്. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് അധികൃതർ. പ്രസാദിനെ ഏറെ സ്നേഹിച്ചിരുന്ന അസമിലെ മൃഗസ്നേഹികൾ, തേയിലത്തോട്ടത്തിലെ തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങി നിരവധി പേർ സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചു.
വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിലായിരുന്നു ആന കഴിഞ്ഞിരുന്നത്. ഗ്രൂപ്പിന്റെ അഭിമാന പ്രതീകമായിരുന്നു ബിജുലി പ്രസാദ്. ബർഗാംഗ് തേയില തോട്ടത്തിലേക്ക് കുട്ടി ആയിരിക്കുമ്പോൾ വന്നുചേർന്നതാണ് ബിജുലി. കമ്പനി ബർഗാംഗ് ടീ എസ്റ്റേറ്റ് വിറ്റതിന് ശേഷം പിന്നീട് ആനയെ ബെഹാലി തേയിലത്തോട്ടത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
പത്മശ്രീ അവാർഡ് ജേതാവും പ്രശസ്ത ആന ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. കുശാൽ കൺവർ ശർമ്മയുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ ആനയാണ് ബിജുലി പ്രസാദ്. ഏകദേശം 8-10 വർഷം മുമ്പ് ആനയുടെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയിരുന്നു. പിന്നീട് ഭക്ഷണം കഴിക്കുന്നതിൽ ആനയ്ക്ക് പരിമിതികളുണ്ടായി. ആന സാവധാനം മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നുവെന്നും കുശാൽ കൂട്ടിച്ചേർത്തു.
Story Highlights: India’s Oldest Elephant Dies At 89
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here