Advertisement

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാകുമ്പോള്‍…; അവഗണിക്കുന്നെന്ന പാകിസ്താന്‍ പരാതിയില്‍ കഴമ്പുണ്ടോ?

August 21, 2023
Google News 5 minutes Read
The India-UAE FTA Strengthening economic ties

ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യയും യുഎഇയും തമ്മില്‍ രൂപയിലും ദിര്‍ഹത്തിലും ഉഭയകക്ഷി വ്യാപാരം സാധ്യമായിരിക്കുന്നു. നിലവില്‍ ഇന്ത്യയാണ് യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി. എല്‍ സി എസ് സംവിധാനം നിലവില്‍ വന്നതോടെ ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത. (The India-UAE FTA Strengthening economic ties)

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന്, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ഖുര്‍ജ് ഖലീഫ ത്രിവര്‍ണപതാകയുടെ നിറങ്ങളില്‍ പ്രകാശിച്ചപ്പോള്‍ ഇന്ത്യ- യു എ ഇ ബന്ധങ്ങളുടെ ഊഷ്മളത പുതിയൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. 35 ലക്ഷത്തോളം വരുന്ന യു എ ഇ-യിലെ ഇന്ത്യക്കാരുടെ മനസ്സില്‍ അഭിമാനത്തിന്റെ പൂത്തിരി കത്തിയ നിമിഷമായിരുന്നു അത്. എന്നാല്‍ തലേന്ന് രാത്രി, പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14-ന് പാക് പതാക ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു. ഇത് യു എ ഇ-യിലെ പാകിസ്ഥാനികളെ രോഷാകുലരാക്കി. ഇസ്ലാമിക രാഷ്ട്രമായ യു എ ഇ മറ്റൊരു ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനെ അവഗണിക്കുകയാണെന്ന ആക്ഷേപം കാട്ടുതീ പോലെ പടര്‍ന്നു. വിവാദം കനത്തതോടെ, തങ്ങള്‍ പാക് പതാക അന്നേദിവസം കെട്ടിടത്തില്‍ ഡിസ്‌പ്ലേ ചെയ്തുവെന്ന് വ്യക്തമാക്കി ബുര്‍ജ് ഖലീഫ സോഷ്യന്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. പക്ഷേ വീഡിയോയില്‍ 76-ാം സ്വാതന്ത്ര്യദിനമെന്നാണ് ഒഴുതിയിരുന്നതെന്നതിനാല്‍. മുന്‍വര്‍ഷത്തെ വീഡിയോ ആണ് അതെന്ന് പ്രചാരണം വന്നു. സമൂഹമാധ്യമങ്ങളില്‍ പാകിസ്ഥാന്‍ വീണ്ടും പരിഹാസപാത്രമായി.

ഇന്ത്യയുമായുള്ള യു എ ഇ-യുടെ വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ അവഗണിക്കപ്പെടുന്നതെന്നാണ് പാകിസ്ഥാനികളുടെ പരിദേവനം. സാമ്പത്തിക അസ്ഥിരാവസ്ഥയില്‍പ്പെട്ടുഴലുന്ന പാകിസ്ഥാനോടുള്ള യുഎഇയുടെ പുതിയ സമീപനത്തിന്റെ പ്രതിഫലമാണിതെതന്നും വ്യാഖ്യാനങ്ങളുണ്ടായി.

അതില്‍ വാസ്തവമില്ലാതില്ല. ഇന്ത്യയും യു എ ഇ-യും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 85 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്ന വര്‍ഷമായിരുന്നു 2022. യു എ ഇ-യുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ അതോടെ മാറി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതാദ്യമായി ഒരു രാജ്യവുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സി ഇ പി എ) യു എ ഇ ഒപ്പുവച്ചതും ഇന്ത്യയുമായിട്ടായിരുന്നു. ഈ കരാര്‍ നിലവില്‍ വന്നതോടെ ഉഭയകക്ഷി വ്യാപാരം ഏതാണ്ട് പതിനഞ്ച് ശതമാനത്തോളം വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയും യു എ ഇ-യുമായുള്ള ഉഭയകക്ഷി വ്യാപരത്തില്‍ പെട്രോളിയവും പെട്രോളിയം ഉല്‍പന്നങ്ങളും ഗണ്യമായ പങ്കാണ് വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം യു എ ഇ-യുമായി ഇന്ത്യ നടത്തിയ മൊത്തം വ്യാപാരത്തിന്റെ 42 ശതമാനത്തോളവും പെട്രോളിയത്തില്‍ നിന്നുമായിരുന്നു- മൊത്തം 35.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി! ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ യു എ ഇ നാലാം സ്ഥാനത്തും എല്‍ പി ജിയുടേയും എല്‍ എന്‍ ജിയുടെയും കാര്യത്തില്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

85 ലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ തൊഴിലെടുത്തുവരുന്നത്. അതില്‍ ഏതാണ്ട് 24 ലക്ഷത്തോളം പേര്‍ മലയാളികളാണ്. യു എ ഇ-യില്‍ മാത്രം ഏതാണ്ട് പത്തു ലക്ഷത്തോളം മലയാളികള്‍ തൊഴിലെടുക്കുന്നുണ്ട്. യു എ ഇ-യുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിലെത്തുന്നതോടെയാണ്. 34 വര്‍ഷത്തിനിടെ യു എ ഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് 2016-ല്‍ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ചതും 2017-ല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മോദിയാകട്ടെ അഞ്ചു തവണയാണ് യു എ ഇ സന്ദര്‍ശിച്ചത്. അതില്‍ ഏറ്റവുമൊടുവിലെ സന്ദര്‍ശനം നടന്നത് ഇക്കഴിഞ്ഞ ജൂലൈ 15-നായിരുന്നു. ഈ സന്ദര്‍ശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രാദേശിക കറന്‍സികളില്‍ വ്യാപാര ഇടപാടുകള്‍ നടത്തുന്നതിനുള്ള ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സംവിധാനത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടത്. ഇരുരാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളുടെ പേയ്മെന്റും സന്ദേശമയക്കല്‍ സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ രൂപയിലും യു എ ഇ ദിര്‍ഹത്തിലും പരസ്പരം വ്യാപാരം നടത്താന്‍ സാധിക്കുമെന്നതാണ് കരാറിനെ ആകര്‍ഷകമാക്കിയത്. പ്രാദേശിക കറന്‍സി സെറ്റില്‍മെന്റ് സംവിധാനം വികസിപ്പിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലമാണെന്ന് മോദിയും നഹ്യാനും നടത്തിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു.

അതിവേഗമാണ് ഈ എല്‍ സി എസ് കരാര്‍ യാഥാര്‍ത്ഥ്യമായത്. യു എ ഇ-യിലെ പ്രമുഖ കയറ്റുമതിക്കാരായ പീക്കേ ഇന്റര്‍മാര്‍ക്കില്‍ നിന്നും 25 കിലോഗ്രാം സ്വര്‍ണം 12.84 കോടി രൂപയ്ക്ക് യെസ് ബാങ്കിന് കൈമാറ്റം ചെയ്തുകൊണ്ടാണ് ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് അഥവാ എല്‍ സി എസ് സംവിധാനത്തിന് തുടക്കമായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് ക്രൂഡ് ഓയില്‍ കൈമാറ്റവും ആദ്യമായി എല്‍ സി എസ് സംവിധാനത്തിലൂടെ നടന്നു. 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യന്‍ രൂപയിലും യു എ ഇ ദിര്‍ഹത്തിലുമായി വ്യാപാരം നടത്തിയത്.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മിലായിരുന്നു ആദ്യ എല്‍ സി എസ് ക്രൂഡ് ഓയില്‍ കൈമാറ്റം. ഇടപാടുകളിലെ മിച്ചമുള്ള പ്രാദേശിക കറന്‍സി കോര്‍പ്പറേറ്റ് ബോണ്ടുകളിലും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റി മാര്‍ക്കറ്റുകളിലും മറ്റ് ആസ്തികളിലും നിക്ഷേപിക്കാന്‍ ഇത് അവസരമൊരുക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്‍ സി എസ് സംവിധാനത്തിന്റെ വരവ് വലിയൊരു നേട്ടം തന്നെയാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇന്ത്യയ്ക്ക് അനുകൂലഘടകമായി ഇത് വര്‍ത്തിക്കും. മാത്രവുമല്ല ഡോളറിനെ ആശ്രയിക്കാതെ, പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നത് കൈമാറ്റ സമയവും അധിക ചെലവുകളും കുറയ്ക്കും. ഇന്ത്യയുടെ വിദേശ കറന്‍സി റിസര്‍വ് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഇത് സഹായിക്കുകയും ചെയ്യും.

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ദശാബ്ദങ്ങള്‍ നീണ്ട ബന്ധത്തില്‍ യു എ ഇയ്ക്ക് നിര്‍ണായകമായ സ്ഥാനമാണുള്ളത്. എഴുപതുകളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ നിന്നും, പ്രത്യേകിച്ചും കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള പ്രയാണം ശക്തിപ്പെടാന്‍ തുടങ്ങിയിരുന്നു. പട്ടിണിയും പരിവട്ടമുള്ള കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു സൗഭാഗ്യങ്ങള്‍ തേടി ആദ്യകാലത്ത് പത്തേമാരികളില്‍ കയറി ഗള്‍ഫ് നാടുകളിലേക്ക് യാത്ര ചെയ്തത്. എണ്ണ വില്‍പനയിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ സമ്പന്നതയിലേക്ക് വളര്‍ന്നതോടെ, പ്രവാസികള്‍ അയക്കുന്ന പണത്താല്‍ കേരളവും സമൃദ്ധിയിലേക്ക് നീങ്ങി. ഗള്‍ഫ് കുടിയേറ്റത്തിന്റെ ഗുണഫലമായാണ് കേരളം ഒരു ഉപഭോക്തൃസംസ്ഥാനമായി പരിണമിച്ചത്.

ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റിന്റെ വരവോടെ ഇന്ത്യയും യു എ ഇ-യുമായുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഊഷ്മളമായി വളരുന്ന ഈ ബന്ധത്തിന്റെ കഥ. മുന്‍കാലങ്ങളില്‍ നി്ന്നും വ്യത്യസ്തമായി ഇന്ത്യയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട് യു എ ഇ. 2021-2022 കാലയളവില്‍ ഇന്ത്യയിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ യു എ ഇ ഏഴാം സ്ഥാനത്തായിരുന്നുവെങ്കില്‍ 2022-23 കാലയളവില്‍ അവര്‍ നാലാം സ്ഥാനത്തെത്തി. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സിറ്റിയില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിക്കാനിരിക്കുകയാണ്.

അബുദാബിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിക്കാനുള്ള തീരുമാനത്തിലും ധാരണയായിട്ടുണ്ട്. 2024 ജനുവരിയോടെ ഐഐടി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനുപുറമേ ഹരിത ഹൈഡ്രജന്‍, സൗരോര്‍ജ്ജം എന്നിവയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ സഹകരണം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരത്തില്‍ എല്‍ സി എസ് സംവിധാനത്തിന്റെ വരവ് അമേരിക്കയ്ക്ക് അത്ര ദഹിച്ചിട്ടില്ല. ആഗോളതലത്തിലുള്ള എണ്ണ വ്യാപാരം പ്രധാനമായും ഡോളറുകളിലാണ് ഇതുവരെ നടത്തിവന്നിരുന്നത്. 1974-ല്‍ നിക്സണ്‍ ഭരണകൂടവുമായി സൗദി ഭരണകൂടമുണ്ടാക്കിയ ഒരു കരാര്‍ പ്രകാരമായിരുന്നു അത്. എല്ലാ രാജ്യങ്ങള്‍ക്കും എണ്ണ വാങ്ങാന്‍ ഡോളര്‍ ആവശ്യമാണെന്നതിനാല്‍ സുസ്ഥിരമായ ആവശ്യകത ഡോളറിന് ഉറപ്പാക്കപ്പെട്ടിരുന്നു.

പ്രാദേശിക കറന്‍സിയില്‍ ഇന്ത്യയും യു എ ഇ-യും വ്യാപാരം നടത്താന്‍ തീരുമാനിച്ചത് ഡോളറിന്റെ ആധിപത്യം കുറയ്ക്കുന്നതിനുള്ള ഡീ-ഡോളറൈസേഷന്‍ നീക്കമാണന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. ചൈന, റഷ്യ പോലുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ഉപരോധങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ഡോളര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനിടെയാണ് ഇന്ത്യയും യു എ ഇയും ആ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. സൗദി അറേബ്യ എണ്ണ വ്യാപാരകാര്യത്തില്‍ ഡോളറിനെ തഴയുകയാണെങ്കില്‍ മറ്റു പല രാജ്യങ്ങളും അതേ വഴി പിന്തുടരാനും സാധ്യതയുണ്ട്.
ചുരുക്കത്തില്‍, ഡോളറിന്റെ ആവശ്യകത ഗണ്യമായി കുറയുകയാണെങ്കില്‍ അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ പലിശനിരക്ക് കുതിച്ചുയരും. 32 ട്രില്യണ്‍ ഡോളറോളം കടബാധ്യതയുള്ള ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത് താങ്ങാനാകാത്ത സാഹചര്യമാകും സൃഷ്ടിക്കുക. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കുപോലും അതിടയാക്കും..

ലോകം ഡോളറിനെ തള്ളുന്നതിന്റെ വക്കിലല്ലെങ്കിലും പെട്രോഡോളറിന് മറ്റ് കറന്‍സികളില്‍ നിന്നുള്ള മത്സരം കടുക്കാനുള്ള സാധ്യതകളാണ് എല്‍ സി എസ് സംവിധാനത്തിന്റെ വരവോടെ വ്യക്തമാക്കുന്നത്. ‘ഏക കരുതല്‍ കറന്‍സി’ എന്ന പദവി ഡോളറിന് നഷ്ടപ്പെടാനുള്ള സ്ഥിതിവിശേഷത്തിന് ഭാവിയില്‍ അത് വഴിവച്ചേക്കാം.

Story Highlights: The India-UAE FTA Strengthening economic ties

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here