സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല

നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31 വരെ നീട്ടിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. ഇതോടെ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് ഉറപ്പായി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ അര്‍ധരാത്രി ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.
2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി. മഴ കുറഞ്ഞത്തിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കെഎസ്ഇബി മാനേജ്‌മെന്റ് വേഗത്തില്‍ തീരുമാനമെടുക്കണം. നിലവിലുള്ള പ്രതിസന്ധി കരാര്‍ റദ്ദാക്കിയത് കാരണമല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. മഴ കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര ഉത്പാദനം കുറഞ്ഞുവെന്നും കമ്മിഷന്‍ അറിയിച്ചു. പുതിയ കരാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നാണ് നിർദേശം.
കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇന്നലെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം കൂടിയത്. എന്നാല്‍ ലോഡ് ഷെഡിംഗ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഈ മാസം 25ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കാനായിരുന്നു ഇന്നലെ തീരുമാനിച്ചിരുന്നത്. കരാര്‍ നീട്ടണമെന്ന അപേക്ഷയില്‍ വാദം കേട്ട ശേഷമാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
Story Highlights: No Load Shedding in kerala kseb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here