മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്; ജെയ്ക് സി തോമസിന് വേണ്ടി പ്രചരണത്തിനിറങ്ങും

പുതുപ്പളളി തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്.മുഴുവൻ മന്ത്രിമാരും ജെയ്ക്കിന് വേണ്ടി പ്രചരണത്തിനിറങ്ങും. ഇന്ന് മുതൽ ആരംഭിക്കുന്ന വികസന സദസ്സുകൾ മന്ത്രിമാരുടെ പ്രധാനവേദിയാകും. കുടുംബയോഗങ്ങളിലും മന്ത്രിമാർ പങ്കെടുക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർ വിട്ടുനിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാർ പുതുപ്പള്ളിയിൽ നിന്നു വിട്ടു നിൽക്കുകയാണെന്നു വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു.
പുതുപ്പള്ളിയിൽ വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പ്രചരണം കൊഴുക്കുകയാണ്. സ്ഥാനാർഥികളുടെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതോടെ മത്സരചിത്രം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവർക്കുള്ള ചിഹ്നങ്ങളും അനുവദിച്ചു. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് പുറമെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയും മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളുമാണ് ജനവിധിതേടുന്നത്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം പുതുപ്പള്ളി മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിക്കുന്നത്. സ്ഥാനാർഥികൾ മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനത്തിലേക്ക് കടന്നിട്ടുണ്ട്.
Story Highlights: Ministers to Puthuppally, Will campaign for Jake C. Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here