മൂന്നാം മോദി സർക്കാരിൽ ആകെ ഏഴ് വനിതാ മന്ത്രിമാർ; അതിൽ രണ്ട് പേർക്ക് ക്യാബിനറ്റ് റാങ്ക്, ഇത്തവണ എണ്ണം കുറഞ്ഞു

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം മോദി സർക്കാരിൽ ഇടംപിടിച്ചത് ഏഴ് വനിതാ എംപിമാർ. അതിൽ രണ്ട് പേർക്ക് ക്യാബിനറ്റ് റാങ്കോടെ ഇടംകിട്ടി. എന്നാൽ രണ്ടാം മോദി സർക്കാരിനെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം മന്ത്രിസഭയിൽ കുറഞ്ഞു. കഴിഞ്ഞ തവണ പത്ത് പേരുണ്ടായിരുന്ന മന്ത്രിസഭയിൽ ഇത്തവണ 30% ആണ് വനിതാ പ്രാതിനിധ്യം കുറഞ്ഞത്.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്ര സഹമന്ത്രിമാരായിരുന്ന ഡോ.ഭാരതി പവാർ, സാധ്വി നിരഞ്ജൻ ജ്യോതി, ദർശന ജർദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൗമിക് എന്നിവരാണ് മന്ത്രിസഭയിൽ നിന്ന് പുറത്തായത്. മൂന്നാം മന്ത്രിസഭയിൽ ഇടംപിടിച്ച വനിതകളിൽ പ്രധാനി നിർമല സീതാരാമനാണ്. ഇവർക്ക് ഇത്തവണയും ക്യാബിനറ്റ് റാങ്ക് ലഭിച്ചും. ബിജെപിയിൽ നിന്ന് അന്നപൂർണ ദേവി, ശോഭ കരന്തലജെ, രക്ഷ ഖദ്സെ, സാവിത്രി താക്കൂർ, നിമുബെൻ ബംഭനിയ എന്നിവരും അപ്‌നാ ദൾ എംപി അനുപ്രിയ പട്ടേലും മന്ത്രിസഭയിൽ അംഗങ്ങളാണ്.
ഇവരിൽ നിർമല സീതാരാമനൊപ്പം ക്യാബിനറ്റ് റാങ്ക് ലഭിച്ചത് അന്നപൂർണ ദേവിക്കാണ്. മറ്റുള്ളവരെല്ലാം സഹമന്ത്രിമാരാണ്. തെരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് സ്മൃതി ഇറാനിക്കും ഡോ ഭാരതി പവാറിനും പുറത്തേക്ക് വഴി തെളിഞ്ഞത്. അമേഠി സീറ്റിലായിരുന്നു സ്മൃതിയുടെ തോൽവി. ദണ്ടോരി മണ്ഡലത്തിൽ ഡോ ഭാരതി പവാറും പരാജയപ്പെട്ടു. അതേസമയം സാധ്വി നിരഞ്ജൻ ജ്യോതി, ദർശന ജർദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൗമിക് എന്നിവർക്ക് ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി സീറ്റ് നൽകിയിരുന്നില്ല.
അന്നപൂർണ ദേവി, ശോഭ കരന്തലജെ, രക്ഷ ഖദ്സെ, സാവിത്രി താക്കൂർ, അനുപ്രിയ പട്ടേൽ എന്നിവർ തെരഞ്ഞെടുപ്പിൽ ജയിച്ചാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ആകെ 74 സ്ത്രീകളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 2019 ൽ 78 വനിതാ എം.പിമാരാണ് പാർലമെൻ്റിൽ ഉണ്ടായിരുന്നത്. ഇന്നലെ നടന്ന സത്യപ്രതിജ്ഞയിൽ നരേന്ദ്ര മോദിയുടെ 71 മന്ത്രിമാരുമാണ് അധികാരമേറ്റത്. മോദി 2014 ൽ അധികാരമേറ്റപ്പോൾ എട്ട് വനിതകളാണ് മന്ത്രിമാരായത്. 2019 ൽ അദ്ദേഹത്തിനൊപ്പം ആറ് വനിതകൾ മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തു. 17ാം ലോക്സഭ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന ഘട്ടത്തിൽ ആ പട്ടികയിൽ ആകെ പത്ത് വനിതാ മന്ത്രിമാരുണ്ടായിരുന്നു.
Story Highlights : 2 of all seven women ministers in Modi 3.0 govt gets cabinet rank.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here