Advertisement

കുതിച്ചുയരുന്ന ഉള്ളി വിലയും, ചരിത്രത്തിലെ ‘ഉള്ളി രാഷ്ട്രീയവും”; തക്കാളിയേക്കാൾ എന്തുകൊണ്ട് ഉള്ളി വില സർക്കാരിന് വെല്ലുവിളി ഉയർത്തുന്നു!!

August 23, 2023
Google News 3 minutes Read
Why soaring onion prices may hurt govt more than tomatoes

76-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം ക്രമാതീതമായി ഉയരുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന് സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കി. തക്കാളി വിലയുടെ ഞെട്ടലിൽ നിന്ന് സാധാരണക്കാർ ഇതുവരെ കരകയറിയിട്ടില്ല. ഇപ്പോൾ ഉള്ളിയുടെ വിലയും കുതിച്ചുയരുകയാണ്. (Why soaring onion prices may hurt govt more than tomatoes)

ചരിത്രം പരിശോധിക്കുകയാണെങ്കിൽ പ്രധാന വിളകളുടെ വില വർദ്ധനവ് ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഏതൊരു സർക്കാരിനും എപ്പോഴും വെല്ലുവിളികൾ ഉണർത്തിയതിന് തെളിവുകളുണ്ട്. അതുകൊണ്ട് തന്നെ അനിയന്ത്രിതമായ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ ബി.ജെ.പി സർക്കാരും കഠിനശ്രമത്തിലാണ്. പ്രധാന തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഭക്ഷ്യ വിലക്കയറ്റം പിടിച്ചുനിർത്താൻ അധികാരികൾ പുതിയ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുന്ന കാഴ്ച്ചയാണ് കാണുന്നത്.

ഉള്ളിയുടെ വില ക്രമാതീതമായി ഉയരുന്നതിനാൽ ഉള്ളിക്ക് 40% കയറ്റുമതി നികുതി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇവ സബ്‌സിഡി നിരക്കിൽ വിൽക്കാനും സർക്കാർ ഇപ്പോൾ ആലോചിക്കുന്നുണ്ട്. ഇന്ത്യൻ ഭക്ഷണത്തിലെ ഒഴിവാക്കാൻ പറ്റാത്ത മൂന്ന് വിളകളിൽ ഒന്നാണ് ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്. ഈ വർഷം തീവ്രമായ മൺസൂൺ മഴയെത്തുടർന്ന് തക്കാളി വില എട്ട് മടങ്ങ് വരെ ഉയർന്നതിന് സർക്കാർ ഇതിനകം തന്നെ കടുത്ത വിമർശനം നേരിടുകയാണ്. എന്നാൽ ഇപ്പോൾ തക്കാളിയുടെ വില കുറഞ്ഞുവരുന്നതിനിടയ്ക്കാണ്, ഉള്ളിയുടെ വില ക്രമാതീതമായ വർധിക്കുന്നത്. മോശം കാലാവസ്ഥ കാരണം ഗോതമ്പ്, അരി തുടങ്ങിയ പല കാർഷികോൽപ്പന്നങ്ങളുടെയും വില വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ സർക്കാരിന് നീങ്ങിയേ മതിയാകു.

ഒഴിവാക്കാനാകാത്ത “ഉള്ളി രാഷ്ട്രീയം”!!

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സർക്കാരുകളെ താഴെയിറക്കുന്നതിൽ ഉള്ളിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു ബന്ധമുണ്ട്. എന്താണെന്നെല്ലേ? 1980-ൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പൊതുതെരഞ്ഞെടുപ്പിനെ ‘ഉള്ളി തിരഞ്ഞെടുപ്പ്’ എന്നാണ് വിളിച്ചത്. കുതിച്ചുയരുന്ന ഉള്ളി വില സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരിന്റെ പതനത്തിന് കാരണമായി. ആ വർഷം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ലോക്ദളിന്റെ രാമേശ്വരം സിംഗ് ഉള്ളി കൊണ്ട് നിർമ്മിച്ച മാല ധരിച്ച് രാജ്യസഭയിലേക്ക് നടന്നതും ചരിത്രം. ഇനിയുമുണ്ട് ഉള്ളി വിലയെ ചുറ്റിപറ്റി നടന്ന രാഷ്ട്രീയ സംഭവങ്ങൾ.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“ദീപാവലി വിലയേറിയ എന്തെങ്കിലും സമ്മാനിക്കുന്ന ഉത്സവമാണ്. ഇത്തവണ ഉള്ളി വളരെ വിലപ്പെട്ടതാണ്”. എന്ന സന്ദേശത്തോടെ കോൺഗ്രസുകാരനായ ഛഗൻ ഭുജ്ബൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹർ ജോഷിക്ക് ഒരു പെട്ടി ഉള്ളി അയച്ചുകൊടുത്തിരുന്നു. ഇവിടെയും തീരുന്നില്ല “ഉള്ളി രാഷ്ട്രീയം”. അന്തരിച്ച ബിജെപി എംപി സുഷമ സ്വരാജിനും ഉള്ളിവില ഭീഷണിയായി മാറിയിരുന്നു. 1998 ഒക്ടോബർ 11 ആയിരുന്നു സംഭവം. സാഹിബ് സിംഗ് വർമ്മയെ മാറ്റി സ്വരാജ് ഡൽഹി മുഖ്യമന്ത്രിയായ സമയം. രാജ്യം ദീപാവലിക്ക് ഒരുങ്ങുകയാണ്. ഉള്ളിയുടെ വില വർധിച്ച് കിലോയ്ക്ക് 60 രൂപയിൽ എത്തി. ന്യായവില കടകൾ സ്ഥാപിക്കുന്നതിനും ഉള്ളിയുടെ ദൗർലഭ്യത്തെക്കുറിച്ചുള്ള കിംവദന്തികൾ ഇല്ലാതാക്കുന്നതിനും സുഷമ സ്വരാജ് പരമാവധി ശ്രമിച്ചു. ഇതൊന്നും ഫലം കണ്ടില്ല എന്നും മാത്രമല്ല ഡൽഹി മുഖ്യമന്ത്രിയായി അവർക്ക് ഒരു തിരിച്ചുവരവും ഉണ്ടായില്ല.

“ഉള്ളി വില” സർക്കാരിന് ഉയർത്തുന്ന വെല്ലുവിളികൾ!!

അടുത്ത വർഷം നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ മൂന്നാമത് അധികാരം തേടുന്ന പ്രധാനമന്ത്രി മോദിക്ക് ഇപ്പോഴത്തെ ഭക്ഷ്യവില വെല്ലുവിളി ഉയർത്തുകയാണ്. റീട്ടെയിൽ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് എന്നത് വെല്ലുവിളിയുടെ തോത് അടിവരയിടുന്നു.

എൽ നിനോ പ്രേരിതമായ മോശം കാലാവസ്ഥ, ഏറ്റവും കൂടുതൽ ഉള്ളി വളരുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ വിളകളെ ബാധിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അവിടെ മഴ ഇതിനകം ശരാശരിയിലും താഴെയാണ്. ഇന്ത്യയിൽ മൊത്തത്തിൽ മൺസൂൺ മഴ സാധാരണയിൽ നിന്ന് 7% കുറവാണ്. ഇത് ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിന് കാരണമാകും. ഡൽഹിയിൽ ഗോതമ്പിന്റെ വില മുൻവർഷത്തേക്കാൾ 12 ശതമാനമാണ് ഉയർന്നിരിക്കുന്നത്. അരിയുടെ വില 22%, തക്കാളിക്ക് 80%, ഉള്ളിക്ക് 32% വീതവും വർധിച്ചു.

ഉള്ളി ഉത്പാദനത്തിന്റെ 40 ശതമാനത്തിലധികം വരുന്ന മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും വലിയ തോതിൽ ഉള്ളി ഉത്പാദിപ്പിക്കുന്നത്. വർഷത്തിൽ മൂന്ന് തവണയും മഴക്കാലത്ത് രണ്ട് തവണയും ശൈത്യകാലത്ത് ഒരു തവണയും ഇവിടെ കൃഷി നടക്കുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ സാധാരണയേക്കാൾ 18% കുറവാണ്. ഇതെല്ലാം രാജ്യത്തെ കൃഷിയെ കാര്യമായി തന്നെ ബാധിക്കും. ഇത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സർക്കാരിന് നേരെ ഉയർത്തുന്ന ചോദ്യങ്ങളും വെല്ലുവിളികളും ചെറുതല്ല!!

Story Highlights: Why soaring onion prices may hurt govt more than tomatoes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here