Advertisement

പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ ഒപ്പം നടന്നത് അമ്മ; ഹൃദയങ്ങൾ കീഴടക്കിയ ആ ചിത്രങ്ങൾ പറയാതെ പറയുന്ന കഥകൾ!!

August 24, 2023
Google News 2 minutes Read

പഴുതുകളടച്ച് പ്രതിരോധമുറപ്പിക്കുന്ന തിരക്കിലാണ് ഇന്ത്യൻ വിസ്മയം ആര്‍.പ്രഗ്നാനന്ദ. കരുതലോടെ അവസാന അങ്കത്തിനുള്ള ഒരുക്കങ്ങൾ. ഇന്ത്യയെ മൊത്തം അഭിമാനത്തിന്റെ ചിറകിലേറ്റിയ ഒരു പതിനെട്ടുവയസുകാരൻ. ഇന്ന് കായികലോകം മുഴുവന്‍ ഇന്ത്യയിലെ ആ അത്ഭുത ബാലനിലേക്ക് ഉറ്റുനോക്കുകയാണ്. മറ്റാരുമല്ല, രമേശ്ബാബു പ്രഗ്നാനന്ദ !!!(story of R Praggnanandha and his Mother)

അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ നോർവേ താരം മാഗ്നസ് കാൾസനെ 30 നീക്കങ്ങളിൽ പ്രഗ്നാനന്ദ സമനിലയിൽ തളച്ചു. ഇരുവരും തമ്മിലുള്ള ഫൈനലിലെ ആദ്യ കളിയും സമനിലയായിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള ടൈബ്രേക്കറിൽ ആര് നേടും അശ്വമേധം എന്നാണിനി കാണാനുള്ളത്.

ക്വര്‍ട്ടർ മത്സരത്തിലെ വിജയത്തിന് ശേഷം പ്രഗ്നാനന്ദ നൽകിയ അഭിമുഖവും ആർക്കും പെട്ടെന്ന് മറക്കാൻ സാധിക്കില്ല. മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്‍കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന അമ്മ നാഗലക്ഷ്മിയുമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഈ ചിത്രം പെട്ടെന്നാണ് വൈറലായത്. ആ നോട്ടത്തിൽ ഒരു ലോകം മുഴുവൻ ആ അമ്മയിലേക്ക് കീഴടങ്ങുകയായിരുന്നു. തന്റെ മകനെ ഓർത്തു അമ്മയ്ക്കുണ്ടാകുന്ന അഭിമാനത്തിന്റെ എല്ലാ നിർവൃതിയും ആ നോട്ടത്തിൽ ഒളിപ്പിച്ചിട്ടുണ്ട്. അതിന് പുറമെ മറ്റൊരു ചിത്രം കൂടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകന്‍റെ ജയത്തില്‍ സന്തോഷം കൊണ്ട് ഒറ്റക്കിരുന്ന് സന്തോഷക്കണ്ണീര്‍ തുടക്കുന്ന നാഗലക്ഷ്മിയുടെ ചിത്രം.

ആ ചിത്രങ്ങൾ പറയാതെ പറഞ്ഞ നിരവധി കാര്യങ്ങളുണ്ട്. ആ കണ്ണീരിൽ ഒരമ്മ ഒളിപ്പിച്ച സന്തോഷത്തിന്റെ ത്യാഗങ്ങളുടെയും കഠിനമായ ദിവസങ്ങളുടെയും വിജയത്തിന്റെ കഥകളുണ്ട്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ ഈ ബാലൻ നീക്കിയ ഓരോ കരുക്കളുടെയും കഥകൾ!!

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

അവിചാരിതമായി ചതുരംഗക്കളത്തിലേക്ക് വന്ന താരമല്ല പ്രഗ്നാനന്ദ. സഹോദരി വൈശാലിയാണ് പ്രഗ്നാനന്ദയുടെ വഴികാട്ടി. വളരെ കുഞ്ഞിലെ തന്നെ വൈശാലിയുടെയും പ്രഗ്നാനന്ദയുടെയും കൂട്ട് ചെസ്സ് ബോർഡുകളാണ്. കുട്ടിക്കാലം തൊട്ട് വൈശാലിയ്‌ക്കൊപ്പം കണ്ടും കളിച്ചും പഠിച്ച ചതുരംഗക്കളത്തിലെ മാസ്മരിക ലോകം പ്രഗ്നാനന്ദയ്ക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയപ്പെട്ടതായി. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദ 2005 ഓഗസ്റ്റ് 10 നാണ് ജനിച്ചത്.

ചേച്ചിയില്‍ നിന്ന് ചെസ്സിനെക്കുറിച്ച് മനസ്സിലാക്കിയ പ്രഗ്നാനന്ദ രണ്ടര വയസിലെ ചെസ്സ് ബോർഡുമായി പരിചിതനാണ്. പിന്നീട് ആര്‍.ബി.രമേശിന് കീഴില്‍ പരിശീലനം ആരംഭിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ അസാമാന്യമായ പ്രകടനം കൊണ്ട് പരിശീലകരെ അത്ഭുതപെടുത്തിയ പ്രഗ്നാനന്ദ വൈകാതെ തന്നെ സംസ്ഥാന തലത്തിലും ദേശീയതലത്തിലും ശ്രദ്ധ നേടി. ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ലോകചെസ് കിരീടം നേടി ആ ബാലൻ ലോകത്തെ മുഴുവൻ ഞെട്ടിച്ചു.

പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ ഒപ്പം നടന്നത് അമ്മ നാഗലക്ഷ്മിയാണ്. ടിഎൻഎസ്‌സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്. സഹോദരി വൈശാലിയുടെ ടെലിവിഷൻ പ്രേമം അധികരിച്ചപ്പോൾ മാതാപിതാക്കൾ ചേർന്ന് കണ്ടെത്തിയ പരിഹാരമായിരുന്നു ചെസ്. പ്രഗ്നാനന്ദയെ മാത്രമല്ല, വൈശാലിയെയും അമ്മ തന്നെയാണ് കൈപിടിച്ച് നടത്തുന്നത്. വൈശാലിയും ഗ്രാൻഡ്‌മാസ്റ്ററാണ്.

2015-ലും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച പ്രജ്ഞാനന്ദ അതേവര്‍ഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കിയിരുന്നു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂര്‍വ റെക്കോഡ് പ്രഗ്നാനന്ദയുടെ പേരിലാണ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുമ്പോള്‍ വെറും 12 വയസ്സും 10 മാസവും 19 ദിവസവും മാത്രമാണ് പ്രഗ്നാനന്ദയുടെ പ്രായം.

Story highlights – story of R Praggnanandha and his Mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here