യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് അപെക്‌സ് ചൈല്‍ഡ് റൈറ്റ്‌സ്‌ബോഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി വരികയാണെന്നും കുട്ടിയുടെ ഐഡന്റിറ്റില വെളിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്യരുതെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരില്‍ മുസ്ലിംവിശ്വാസിയായ കുട്ടിയെ മര്‍ദിക്കാന്‍ മറ്റ് മതത്തിലുള്ള കുട്ടികള്‍ക്ക് അധ്യാപിക നിര്‍ദ്ദേശം നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിദ്യാര്‍ത്ഥിയെ മര്‍ദിക്കാന്‍ മറ്റു കുട്ടികള്‍ക്കു നിര്‍ദേശം നല്‍കിയ അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പ്രചരിച്ച വിഡിയോയില്‍ ഇവര്‍ കുട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്.
Read Also: 12-ാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പലതവണ പീഡിപ്പിച്ചു; പരാതിപ്പെട്ടാൽ ബലാത്സംഗ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന് വേണ്ടി ഒരു അധ്യാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
Story Highlights: Case against UP teacher for asking students to slap Muslim classmate