ബിജെപി എംപിയുടെ വീട്ടിൽ 10 വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

ബിജെപി എംപിയുടെ വീട്ടിൽ നിന്നും 10 വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അസമിലെ സിൽചാറിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
ബിജെപി എംപി രാജ്ദീപ് റോയിയുടെ സിൽചാറിലെ വീട്ടിൽ ശനിയാഴ്ച വൈകുന്നേരമാണ് 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ എംപിയുടെ വീട്ടിൽ സഹായിയായി ജോലി ചെയ്ത് വരികയാണ്. വർഷങ്ങളായി അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പം എംപിയുടെ വീട്ടിലാണ് കുട്ടി കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് എംപി രാജ്ദീപ് വസതിയിലെത്തി.
മൃതദേഹം കണ്ടെത്തിയ മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പൊലീസ് എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചതായി കച്ചാർ അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) സുബ്രത സെൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
Story Highlights: 10-Year-Old Boy Found Hanging At Assam BJP MP’s House
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here