സഞ്ജു പുറത്ത് തന്നെ, കെ.എൽ രാഹുൽ ടീമിൽ: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. 15 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയേക്കില്ല. അതേസമയം പരിക്കിൽ നിന്ന് പൂർണ മുക്തനായ കെ.എൽ രാഹുലിന് അവസരം നൽകിയേക്കുമെന്നും റിപ്പോർട്ട്.
നിലവിൽ ഏഷ്യാ കപ്പിനായി ശ്രീലങ്കയിലാണ് ടീം ഇന്ത്യ. മാനേജ്‌മെന്റുമായി ചർച്ച നടത്താനും ടീമിനെ അന്തിമമാക്കാനും ബിസിസിഐ സെലക്ഷൻ കമ്മിറ്റി മേധാവി അജിത് അഗാർക്കർ ശ്രീലങ്കയിലേക്ക് പറന്നതായി വൃത്തങ്ങൾ അറിയിച്ചു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഏകദിന ലോകകപ്പ് പട്ടികയും സമാനമാകുമെന്നും അഗാർക്കർ പറഞ്ഞിരുന്നു.
ഏഷ്യാ കപ്പ് സ്ക്വാഡ് 17 അംഗ യൂണിറ്റാണ്. മാത്രമല്ല, രാഹുലിന്റെ ബാക്കപ്പായി സഞ്ജുവും ടീമിലുണ്ടായിരുന്നു. എന്നാൽ ലോകകപ്പ് ടീമിൽ 15 പേർ മാത്രമേ ഉണ്ടാകൂ. അതിനാൽ രണ്ട് പ്രധാന താരങ്ങളെ ഒഴിവാക്കേണ്ടി വരും. സാംസണിനൊപ്പം പ്രസിദ് കൃഷ്ണ, തിലക് വർമ എന്നിവർക്കും ഇന്ത്യൻ ടീമിൽ ഇടം നേടാനായില്ല. ഏഷ്യാ കപ്പിനുള്ള ടീമിൽ തെരഞ്ഞെടുക്കപ്പെടാത്ത യുസ്‌വേന്ദ്ര ചാഹലിനും ലോകകപ്പ് നഷ്ടമാകും.
അതേ സമയം ഇഷാൻ കിഷൻ തന്നെ തേടി വന്ന അവസരങ്ങൾ നന്നായി മുതലെടുത്ത് ടീമിൽ ഇടം നേടിയിട്ടുണ്ട്. രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവർക്കും ബിസിസിഐ ഇടം നൽകിയിട്ടുണ്ട്. ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബൗളിംഗ് ആക്രമണത്തെ നയിക്കാൻ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ടീമിൽ ഉണ്ടകും. സ്പിന്നർ കുൽദീപ് യാദവിനും അവസരം ലഭിച്ചേക്കും.
Story Highlights: KL Rahul In, Sanju Samson Out In India’s ODI World Cup Squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here