Advertisement

പേടിയില്ലാതെ നേപ്പാൾ; ഫീൽഡിൽ നിരാശപ്പെടുത്തി ഇന്ത്യ; വിജയലക്ഷ്യം 231 റൺസ്

September 4, 2023
Google News 2 minutes Read
india nepal asia cup

നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 48.2 ഓവറിൽ 230 റൺസിന് ഓൾ ഔട്ടായി. 58 റൺസ് നേടിയ ആസിഫ് ഷെയ്ഖ് നേപ്പാളിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ സോംപാൽ കാമിയുടെ (48) ഇന്നിംഗ്സ് അവരെ 200 കടത്തി. കുശാൽ ഭുർട്ടൽ (38) ആണ് മറ്റൊരു പ്രധാന സ്കോറർ. ഫീൽഡിൽ ഇന്ത്യയുടെ മോശം പ്രകടനവും നേപ്പാളിനു തുണയായി. മൂന്നോ നാലോ ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്. (india nepal asia cup)

ഇന്ത്യയുടെ പേരുകേട്ട ബൗളിംഗ് അറ്റാക്കിനെ തെല്ലും വകവെക്കാതെയാണ് നേപ്പാൾ തുടങ്ങിയത്. കുശാൽ ഭുർട്ടൽ ടി-20 ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യൻ ബൗളർമാരെല്ലാം തല്ലുവാങ്ങി. 65 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ 10ആം ഓവറിലെ അഞ്ചാം പന്തിലാണ് നേപ്പാളിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 25 പന്തിൽ 38 റൺസ് നേടിയ ഭുർട്ടലിനെ ഇഷാൻ കിഷൻ്റെ കൈകളിലെത്തിച്ച ശാർദുൽ താക്കൂർ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി.

Read Also: ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ടോസ്, നേപ്പാൾ ആദ്യം ബാറ്റ് ചെയ്യും; ബുംറയ്‌ക്ക് പകരം ഷമി ടീമിൽ

ഭീം ശർകി (7), രോഹിത് പൗഡൽ (5), കുശാൽ മല്ല (2) എന്നിവരെ ജഡേജ മടക്കിയതോടെ നേപ്പാൾ 4 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലേക്ക് തകർന്നു. തുടർന്ന് ഗുൽഷൻ ഝായുമായിച്ചേർന്ന് ആസിഫ് ഷെയ്ഖ് നേപ്പാൾ ഇന്നിംഗ്സിനെ രക്ഷപ്പെടുത്തിയെടുത്തു. 88 പന്തിൽ ഫിഫ്റ്റിയടിച്ച് ആസിഫ് ഏറെ വൈകാതെ മടങ്ങി. താരത്തെ സിറാജ് ആണ് വീഴ്ത്തിയത്. ഗുൽഷൻ ഝായും (23) സിറാജിനു മുന്നിൽ വീണതോടെ നേപ്പാൾ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലേക്ക് വീണു.

ഏഴാം വിക്കറ്റിൽ ദീപേന്ദ്ര സിംഗ് എയ്രീയും സോംപാൽ കാമിയും ചേർന്ന കൂട്ടുകെട്ട് നേപ്പാളിനെ വീണ്ടും രക്ഷപ്പെടുത്തി. 25 പന്തിൽ 29 റൺസ് നേടിയ എയ്രീ അറ്റാക്കിംഗ് മോഡിലായിരുന്നു. എയ്രിയെ വീഴ്ത്തിയ ഹാർദിക് ഇന്ത്യക്ക് വീണ്ടും ബ്രേക്ക് ത്രൂ നൽകി. ഏഴാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുയർത്തിയ ശേഷമാണ് എയ്രി മടങ്ങിയത്. എന്നാൽ, വാലറ്റത്തെ കൂട്ടുപിടിച്ച കാമി നേപ്പാളിനെ 200 കടത്തി. ഒടുവിൽ താരത്തെ ഷമി പുറത്താക്കി. സന്ദീപ് ലമിഛാനെ (9) റണ്ണൗട്ടായപ്പോൾ ലളിത് രാജ്ബൻഷിയെ (0) മടക്കി അയച്ച സിറാജ് നേപ്പാൾ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

Story Highlights: india need 231 nepal asia cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here