Advertisement

സെപ്റ്റംബര്‍ 15 ന് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’

September 5, 2023
Google News 2 minutes Read
State-wide 'Operation Foscos' on September 15

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങള്‍ നടത്തുന്നത്ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം, 2006 വകുപ്പ് 63 പ്രകാരമുള്ള ശിക്ഷ ലഭിക്കുന്നതാണ്. ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിധിയില്‍ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനില്‍ പ്രവര്‍ത്തിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്. സാധാരണ ലൈസന്‍സുകള്‍ക്ക് 2000 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള ഫീസ്.

ഭക്ഷണം വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതൊരു നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ട് കൂടി ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ നടപടി നേരിടുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടുകയോ നിയമപരമായി ലൈസന്‍സിന് പൂര്‍ണമായ അപേക്ഷ സമര്‍പ്പിച്ചു മാത്രമേ തുറന്നു കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.

Story Highlights: State-wide ‘Operation Foscos’ on September 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here