Advertisement

പി വി അന്‍വറിന് ആശ്വാസം; കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ ഹൈക്കോടതി അനുമതി

September 13, 2023
Google News 2 minutes Read
High Court permission to open children's park owned by PV Anvar

പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശവുമായി ഹൈക്കോടതി. കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നാണ് കോടതി നിര്‍ദേശം. ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പാക്കണം. വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

കേസില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടി. പി വി അന്‍വര്‍ ഉള്‍പ്പെട്ട പന്ത്രണ്ട് എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കോഴിക്കോട് കക്കാടം പൊയിലിലെ പി വി അന്‍വറിന്റെ പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ കുട്ടികളുടെ പാര്‍ക്കാകും തുറക്കുക. പ്രദേശത്ത് അപകടസാധ്യതയില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

Read Also: പി വി അന്‍വറിന്റെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ അനുമതി: നിയമപോരാട്ടത്തിന് നദീ സംരക്ഷണ സമിതി

പിവിആര്‍ നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്ന് കൊടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിന് ഉള്ളില്‍ ആയിരിക്കണം എന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധം ഇല്ല എന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പ് വരുത്തണം എന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

Story Highlights: High Court permission to open children’s park owned by PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here