Advertisement

സമൂഹത്തിന്റെ താഴെത്തട്ടില്‍ നിയമ ബോധവല്‍ക്കരണം അനിവാര്യം: വനിതാ കമ്മീഷൻ

September 15, 2023
Google News 2 minutes Read
Legal awareness is essential at the grassroots level of society_ Women's Commission

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ കുടുംബ പ്രശ്നങ്ങളിലെ നിയമവശങ്ങളെ കുറിച്ച് ബോധവാന്മാരല്ലെന്ന് വനിതാ കമ്മീഷൻ. കമ്മിഷന്റെ മുന്നില്‍ വരുന്ന പല കേസുകള്‍ വഴി തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ഇതുപരിഹരിക്കുന്നതിന് ബോധവല്‍ക്കരണം ശക്തമാക്കണമെന്നും കമ്മീഷൻ പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍ അദാലത്തിന്റെ രണ്ടാം ദിവസത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള ജാഗ്രത സമിതികളിലൂടെ നിയമ ബോധവല്‍ക്കരണം ശക്തിപ്പെടുത്താനും, പ്രശ്‌നങ്ങളില്‍ പ്രാദേശികമായി തന്നെ ഇടപെടലുകള്‍ നടത്തി ഇത്തരം വിഷയങ്ങള്‍ നേരിടുന്നവര്‍ക്ക് പിന്തുണ നല്‍കാനും സാധിക്കും.

സാമ്പത്തിക പ്രശ്നങ്ങളും ആഡംബര ജീവിതവും ഭാര്യ ഭര്‍തൃ ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന സാഹചര്യം വര്‍ധിച്ചു വരികയാണ്. ഇത്തരം കേസുകളില്‍ കുട്ടികള്‍ മാതാപിതാക്കളുമായി ഒരുമിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതിന് കഴിയാത്ത സാഹചര്യമുണ്ട്. സ്വന്തം മാതാപിതാക്കളെ ദമ്പതികള്‍ കൂടെ താമസിപ്പിക്കാന്‍ വൈമനസ്യം കാണിക്കുന്ന കേസുകള്‍ വര്‍ധിച്ചു വരുകയാണെന്ന് വനിത കമ്മിഷന്‍ വിലയിരുത്തി. ആഡംബര ജീവിതത്തിനായി ബ്ലാക്ക് മെയിലിങ്ങിലൂടെ പണം സമ്പാദിക്കുന്ന കേസുകളും കടം വാങ്ങിയത് തിരിച്ചു നല്‍കാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്ന കേസുകളും കമ്മിഷന് മുന്‍പില്‍ എത്തുന്നുണ്ട്.

പരിചയമുള്ളവര്‍ വരെ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് ദുരുപയോഗം ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. ഇത്തരം കേസുകള്‍ തുടര്‍നടപടികള്‍ക്കായി സൈബര്‍ സെല്ലിന് കൈമാറി വരുന്നുണ്ടെന്നും കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍, വസ്തുതര്‍ക്കം, ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് അദാലത്തിന്റെ രണ്ടാം ദിവസം കമ്മിഷന്‍ മുന്‍പാകെ എത്തിയത്. ഹരിജന്‍ സെറ്റില്‍മെന്റ് കോളനിയില്‍ തനിക്ക് സ്വന്തമായുള്ള വീട് മകള്‍ കൈയേറിയതിനെതിരേ വയോധിക നല്‍കിയ പരാതിമേല്‍ കമ്മിഷന്‍ നടപടി സ്വീകരിച്ചു.

വിഷയം പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കി. ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസവുമായി എത്തുന്ന കേസുകളില്‍ ഇവര്‍ക്ക് കമ്മിഷന്റെ കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. കേസുകളുടെ പരിശോധനയില്‍ മാനസിക പ്രശ്‌നങ്ങള്‍ കണ്ടുവരുന്ന ആളുകളെ മാനസികാരോഗ്യ വിദഗ്ധരെ കണ്ട് ചികിത്സതേടുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. അദാലത്തിന്റെ രണ്ടാം ദിവസം 56 കേസുകളാണ് പരിഗണിച്ചത്. 15 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു കേസുകള്‍ പോലീസിന് കൈമാറി. അദാലത്തിന്റെ ആദ്യ ദിനം 58 പരാതികള്‍ പരിഗണിച്ച് 14 പരാതികള്‍ തീര്‍പ്പാക്കിയിരുന്നു.

Story Highlights: Legal awareness is essential at the grassroots level of society: Women’s Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here